യുപിയിലെ ബറേലിയിൽ ഹിന്ദു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മുസ്ലിം യുവാക്കള്‍ക്കെതിരെ ബജ്‌റങ്ദൾ ആക്രമണം. ബറേലിയിലെ 'ദി ഡെൻ കഫേ ആൻഡ് റെസ്‌ട്രോ'യിൽ ബി.എസ്.സി നഴ്സിങ് വിദ്യാർഥിനി തന്റെ സഹപാഠികൾക്കായി ഒരുക്കിയ ജന്മദിനാഘോഷത്തിലേക്കാണ് ബജ്‌റങ്ദൾ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ആറ് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് കഫേയിലെത്തിയിരുന്നത്. ആണ്‍കുട്ടികളില്‍ രണ്ട് പേര്‍ മുസ്ലിങ്ങളായിരുന്നു.
'ലൗ ജിഹാദ്' ആരോപിച്ചുകൊണ്ട് 'ഹര ഹര മഹാദേവ്' എന്ന് ആക്രോശിച്ചുകൊണ്ടാണ് ബജ്‌റങ്ദൾ പ്രവർത്തകർ കഫേയിലേക്ക് ഇരച്ചുകയറിയത്. ചടങ്ങിൽ പങ്കെടുത്ത ഒരു യുവാവിനെയും തടയാൻ ശ്രമിച്ച ഒരു യുവതിയെയും ഇവർ മർദിച്ചു. അന്വേഷണത്തിന് ശേഷം വിദ്യാർഥികൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും 'ലൗ ജിഹാദ്' ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തിന് പിന്നാലെ ഷാൻ, വാഖിഫ് എന്നീ യുവാക്കള്‍ക്കെതിരെ 'സമാധാന ലംഘനം' ആരോപിച്ചു പൊലീസ് കേസെടുക്കുകയും ചെയ്തു. ആക്രമണം നടത്തിയ ബജ്‌രംഗ് ദൾ പ്രവർത്തകർക്കെതിരെ കടുത്ത നടപടികളൊന്നുമുണ്ടായിട്ടില്ല.
അക്രമത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മാസ് ബിജിഎം ഇട്ടാണ് തീവ്രഹിന്ദുത്വഗ്രൂപ്പുകള്‍ വിഡിയോ പങ്കുവക്കുന്നത്. ബറേലിയിൽ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തീവ്രഹിന്ദുത്വഗ്രൂപ്പുകള്‍ അക്രമം അഴിച്ചുവിടുന്നതിന്‍റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷത്തിലും അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത്.