റോഡ് അടച്ച് മകന്‍റെ പിറന്നാള്‍ ആഘോഷിച്ച് വ്യവസായി. സൂറത്തിലെ പ്രമുഖ ബിൽഡറും ബിസിനസുകാരനുമായ ദീപക് ഇജാർദാർ ആണ് മകന്റെ പത്തൊന്‍പതാം ജന്മദിനം ആഘോഷിക്കാന്‍ പൊതുവഴി തടഞ്ഞത്. സൂറത്തിലെ സുൽത്താനാബാദ് ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം. സുഹൃത്തുക്കള്‍ക്കും അംഗരക്ഷകര്‍ക്കുമൊപ്പമാണ് ഇജാര്‍ദാര്‍ മകന്‍റെ പിറന്നാള്‍ ആഘോഷത്തിനെത്തിയത്.
റോഡില്‍ പടക്കങ്ങളും സ്പാർക്ക്ലുകളും നിരത്തി വച്ച് പൊട്ടിച്ചാണ് ദീപക്കും കൂട്ടരും ആഘോഷം നടത്തിയത്. ഇതോടെ തിരക്കുള്ള റോഡില്‍ ഗതാഗതം സ്തംഭിച്ചു. ആഘോഷം കാരണം ഒട്ടേറെ വാഹനങ്ങള്‍ ദീര്‍ഘനേരം കുരുക്കില്‍പ്പെട്ടു. ചില വാഹനങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹോൺ മുഴക്കിയെങ്കിലും അതെല്ലാം അവഗണിച്ച് ഇജാര്‍ദാര്‍ ആഘോഷം തുടരുകയാണ് ചെയ്തത്. ഇടക്ക് കയ്യിലിരുന്ന സ്പാർക്ക്ലർ ലോഞ്ചറുകൾ കാറുകൾക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്തവരോട് ഇജാര്‍ദാര്‍ മോശമായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
ആഘോഷം പ്രശ്നമായതോടെ വിശദീകരണം തേടി മാധ്യമങ്ങളും എത്തി. എന്നാല്‍ ദീപക് ഇജാര്‍ദാര്‍ നല്‍കിയ മറുപടി വിവാദത്തിന് ആക്കം കൂട്ടി. താനൊരു സെലിബ്രിറ്റി ആണെന്നും, അഞ്ചുമിനിറ്റ് നേരം റോഡ് തടഞ്ഞത് ഇത്ര വലിയ കുറ്റമാണോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റ് പ്രാദേശിക പരിപാടികൾക്കും ഘോഷയാത്രകൾക്കും വേണ്ടി ഇതിലും കൂടുതൽ നേരം ഗതാഗതം തടസ്സപ്പെടുത്താറുണ്ട്. തന്റെ സൽപ്പേരിന് കളങ്കം വരുത്താൻ ശത്രുക്കൾ ശ്രമിക്കുന്നതാണ് വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ സൂറത്ത് പോലീസ് കേസെടുത്തു. ദീപക്കിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടെന്നാണ് വിവരം.