15കാരിയെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഗുജറാത്തിലാണ് സംഭവം. അമ്മയുടെ പരാതിയില്‍ കുട്ടിയുടെ മൂന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിലാണ് ക്രൂരത അരങ്ങേറിയത്.
ബുധനാഴ്ച രാത്രി പത്തുമണിയോടെ പ്രാഥമിക കര്‍മം നിര്‍വഹിക്കാനായി വീടിനു പുറത്തിറങ്ങിയ പെണ്‍കുട്ടിയെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചു ബൈക്കില്‍ കയറ്റുകയായിരുന്നു. വീടിനടുത്തുള്ള ചെക്ക് ഡാമിലെത്തിച്ച ശേഷം മറ്റു അഞ്ചുപേരെക്കൂടി ഇവര്‍ വിളിച്ചറിയിച്ചു. കാറുമായി ചെക്ക് ഡാമിലെത്താനായിരുന്നു ഇവരോട് പ്രതികള്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് എട്ടു പ്രതികളും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും കാറില്‍വച്ച് ഓരോരുത്തരായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പിന്നീട് വീട്ടിലേക്ക് നടന്നുപോയ പെണ്‍കുട്ടി അമ്മയെ വിവരമറിയിച്ചു. പ്രതികളില്‍ മൂന്നുപേര്‍ സുഹൃത്തുക്കളാണെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. വന്‍സ്ദ പൊലീസും നവസാരി ലോക്കല്‍ ക്രൈംബ്രാഞ്ചും ചേര്‍ന്നു നടത്തിയ ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എട്ടു പ്രതികളേയും അറസ്റ്റ് ചെയ്തു.