രാജ്യത്ത് പുതിയ രണ്ട് വിമാനക്കമ്പനികള്‍ കൂടി സര്‍വീസ് തുടങ്ങുന്നു. കേരളത്തിലെ അല്‍ ഹിന്ദ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള അല്‍ ഹിന്ദ് എയര്‍, ഫ്ലൈ എക്സ്പ്രസ് എന്നിവയ്ക്ക് എന്‍.ഒ.സി. ലഭിച്ചു. ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും കുത്തക അവസാനിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗം കൂടിയാണ് പുതിയ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കാനുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ നേരത്തെ മുദ്രപതിപ്പിച്ച കോഴിക്കോട് ആസ്ഥാനമായ അല്‍ ഹിന്ദ് ഗ്രൂപിന്‍റെ അല്‍ ഹിന്ദ് എയര്‍ ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ രാജ്യാന്തര സര്‍വീസുകളും ആരംഭിക്കും. ATR 72-600 മോഡല്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. അല്‍ഹിന്ദ് എയറിനും ഫ്ലൈ എക്സ്പ്രസിനും കഴിഞ്ഞ ദിവസമാണ് വ്യോമയാന മന്ത്രാലയത്തിന്‍റെ എന്‍.ഒ.സി. ലഭിച്ചത്. നേരത്തെ എന്‍.ഒ.സി.ലഭിച്ച യു.പി. ആസ്ഥാനമായുള്ള ശംഖ് എയറും അടുത്തവര്‍ഷം സര്‍വീസ് തുടങ്ങിയേക്കും. അതിവേഗം വളരുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ വിമാനക്കമ്പനികളെ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു പറഞ്ഞു. നിലവില്‍ രാജ്യത്ത് ഒന്‍പത് വിമാനക്കമ്പനികള്‍ ഉണ്ടെങ്കിലും സര്‍വീസുകളില്‍ 90 ശതമാനവും ഇന്‍ഡിഗോയുടെയും എയര്‍ ഇന്ത്യയുടെയും കൈകളിലാണ്. അടുത്തിടെ ഇന്‍ഡിഗോ സര്‍വീസ് താറുമാറായപ്പോള്‍ രാജ്യത്തെ വ്യോമഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മേഖലയിലെ കുത്തക അവസാനിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കൂടുതല്‍ വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.