FILE PHOTO: KLM aircraft are seen on the tarmac at Schipol airport near Amsterdam April 15, 2015. REUTERS/Yves Herman/File Photo
ഇറാനില്‍ യു.എസ് ആക്രമണ ആശങ്ക നിലനില്‍കെ പശ്ചിമേഷ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യൂറോപ്യന്‍ വിമാനകമ്പനികള്‍. എയര്‍ ഫ്രാന്‍സ്, കെഎല്‍എം, ലുഫ്താൻസ അടക്കമുള്ള വിമാനകമ്പനികളാണ് പശ്ചിമേഷ്യ ഒഴിവാക്കിയത്. സര്‍വീസുകള്‍ റദ്ദാക്കുന്നിനൊപ്പം സംഘര്‍ഷസാധ്യതയുള്ള വ്യോമപാതകളും ഒഴിവാക്കുകയാണെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി മുതല്‍ കമ്പനികള്‍ ഇസ്രയേലിലേക്കും ഗള്‍ഫിലേക്കും സര്‍വീസ് നടക്കുന്നില്ല. സുരക്ഷാ സാഹചര്യം മോശമാകുന്നതിനെ തുടര്‍ന്നാണ് തീരുമാനം. എയര്‍ഫ്രാന്‍സ്, ഡച്ച് വിമാനകമ്പനിയായ കെഎല്‍എം എന്നിവ ടെല്‍അവീവിലേക്കും യുഎഇ, സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തി. ഇസ്രയേല്‍, ഗള്‍ഫ് എന്നിവിടങ്ങിളിലേക്കുള്ള ഓവര്‍നൈറ്റ് വിമാന സര്‍വീസുകളാണ് കെഎല്‍എം റദ്ദാക്കിയത്.
സുരക്ഷാ സാഹചര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുകയാണെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെല്‍അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തുകയാണെന്നും കെഎല്‍എം വ്യക്തമാക്കി. ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, അടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമമേഖല ഒഴിവാക്കിയാണ് കമ്പനിയുടെ വിമാനങ്ങള്‍ പറക്കുന്നത്.
ജര്‍മന്‍ കമ്പനിയായ ലുഫ്താൻസ എയര്‍ലൈന്‍സ് ഇറാന്‍, ഇറാഖി എയര്‍സ്പേസ് ഒഴിവാക്കിയാണ് യാത്ര ചെയ്യുന്നത്. യുണൈറ്റഡ് എയര്‍ലൈന്‍സ്, എയര്‍ കാനഡ എന്നിവയും ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദാക്കി. ഇസ്രയേലിനു മീതേ യാത്രാ വിമാനങ്ങളുടെ പറക്കൽ നിലവില്‍ വളരെ കുറവാണ്. അതേസമയം, ഇറാനു മീതേ പറക്കുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസമില്ല.
കഴിഞ്ഞ ദിവസം ദാവോസില്‍ നിന്നും തിരിച്ചു വരുന്നതിനിടെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനകളാണ് ആക്രമണത്തിന്റെ സാധ്യത തുറന്നത്. ഇറാന് മുന്നറിയിപ്പുമായി ഗള്‍ഫ് മേഖലയിലേക്ക് യു.എസിന്റെ പടക്കപ്പലുകള്‍ സഞ്ചരിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞത്. പ്രക്ഷോഭക്കാരെ കൊല്ലുന്ന, ആണവ പദ്ധതി പുനരാരംഭിക്കുന്ന ഇറാന് മുന്നറിയിപ്പാണിതെന്നും ട്രംപ് വ്യക്തമാക്കി.
യു.എസിന്റെ വിമാന വാഹിന കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി മിസൈൽ വേധ കപ്പലുകളും ഉടന്‍ പശ്ചിമേഷ്യയിലേക്ക് എത്തുമെന്നാണ് വിവരം. ഇതിനൊപ്പം മിസൈല്‍ വേധ കപ്പലുകളും പടക്കലുകളുടെ ഒരുകൂട്ടവും ഗള്‍ഫിലേക്ക് സഞ്ചരിക്കുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതോടെയാണ് വീണ്ടും സംഘര്‍ഷത്തിന്റെ ആശങ്ക ഉയര്‍ന്നത്.