TOPICS COVERED

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങുന്നത് ഏഴാം ദിവസവും തുടരുന്നു. ഇന്ന് 450ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ഡിജിസിഎ നോട്ടീസിന് ഇന്‍ഡിഗോ സിഇഒയും സിഒഒയും ഉടൻ മറുപടി നല്‍കും.

ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോൾ 4500ല്‍ അധികം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനത്താവളങ്ങളില്‍ ഇന്നും യാത്രക്കാര്‍ പ്രതിഷേധിച്ചു. യാത്രയില്‍ വിമാന കമ്പനികളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ‌വൈദ്യസഹായം ഉൾപ്പെടെയുള്ളവക്ക്  ഇൻഫർമേഷൻ ഡെസ്കിനെ സമീപിക്കണമെന്നും ഡല്‍ഹി വിമാനത്താവളം നിര്‍ദേശം നല്‍കി. ചണ്ഡീഗഡ് വിമാനത്താവളത്തിൽ പഞ്ചാബ് സർക്കാർ കൺട്രോൾ റൂം ആരംഭിച്ചു. 

ബുധനാഴ്ചയാകുമ്പോഴേക്കും സാധാരണ നിലയിലേക്ക് മടങ്ങാനാകുമെന്നാണ് ഇൻഡിഗോ അവകാശപ്പെടുന്നത്. ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസിന് സിഇഒ പീറ്റർ എൽബേഴ്‌സും സിഒഒ ഇസിദ്രെ പോർക്വറാസും ഉടന്‍ മറുപടി നല്‍കും. വലിയ വീഴ്ച ഇന്‍ഡിഗോക്ക് സംഭവിച്ചെന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്നുമാണ് ഡിജിസിഎ നിലപാട്.  ഇന്നലെ മറുപടി നല്‍കാനുള്ള സമയം നീട്ടിനല്‍കിയിരുന്നു. 

ഇന്ന് വൈകുന്നേരത്തോടെ ലഗേജുകളെല്ലാം ലക്ഷ്യസ്ഥാനങളിൽ എത്തിക്കാൻ ഇന്‍ഡിഗോക്ക് ഡിജിസിഎ നിര്‍ദേശം നൽകിയിട്ടുണ്ട്. 3000 ബാഗേജുകൾ ഇതിനകം ഇൻഡിഗോ യാത്രക്കാർക്ക് എത്തിച്ചു. 610 കോടി രൂപയുടെ റീഫണ്ടും നൽകിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കലിനും പുനക്രമീകരണത്തിനുമുള്ള ഇളവ് അടുത്ത തിങ്കളാഴ്ചവരെ ലഭിക്കും.

ഇൻഡിഗോ റദ്ദാക്കിയ സർവീസുകൾ

ഡൽഹി 134

ഹൈദരാബാദ് 77

പൂണെ 42

ശ്രീനഗർ 18

ചെന്നൈ 48 

ENGLISH SUMMARY:

Indigo flight cancellations continue to cause widespread disruption. The situation is being addressed, with efforts to normalize services and provide refunds to affected passengers.