ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണം അടിമുടി മാറ്റിമറിക്കുന്ന നിര്‍ദേശവുമായി റയില്‍വേ യൂസേഴ്സസ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗം. ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന ദക്ഷിണ റയില്‍വേ റയില്‍വേ യൂസേഴ്സസ് കണ്‍സള്‍ട്ടീവ് കമ്മിറ്റിയില്‍ റസ്റ്ററന്റ് കോച്ച് എന്ന നിര്‍ദ്ദേശത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കള്‍ ഉണ്ടായി. കോഴിക്കോട് നിന്നുള്ള അംഗമായ അഡ്വ. സിറാജുദ്ദീൻ ഇല്ലത്തൊടിയാണ് ഈ വിഷയം യോഗത്തിൽ അവതരിപ്പിച്ചത്. ട്രെയിനുകളിലെ ഒരു കോച്ചിനെ പബ്ലിക്–പ്രൈവറ്റ് പാർട്ണർഷിപ്പ് (PPP) മാതൃകയിൽ പൂർണ്ണ സജ്ജമായ ഹോട്ടലാക്കി മാറ്റുകയെന്നാണ് നിര്‍ദേശം. സാമ്പത്തിക ബാധ്യതകളില്ലാതെ റയില്‍വേയുടെ മുഖം തന്നെ മാറുന്ന നടപടിയാകുമിത്. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന മേഖലകളിലെ പ്രമുഖ ഹോട്ടല്‍ കാറ്ററിങ് കമ്പനികളെ കൂടി ഭാഗമാക്കിയാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ക്ക് ഒരു പരിധി വരെ പരിഹാരവുമാകും.
കൂടാതെ റയില്‍വേയ്ക്ക് വന്‍ വരുമാനം ഇതിലൂടെ കണ്ടെത്താനാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. വെജിറ്റേറിയന്‍ നോൺ-വെജിറ്റേറിയന്‍ ഭക്ഷണം ഇരിപ്പിട സൗകര്യങ്ങളോടുകൂടി ലഭ്യമാക്കുന്നതു വഴി കോച്ചുകളിലെത്തിച്ചു ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാകുന്ന മണവും മാലിന്യ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നതാണു മറ്റൊരു നേട്ടം. നിര്‍ദേശം വിശദമായി പഠിച്ച ശേഷം റയില്‍വേ ബോര്‍ഡിനു മുന്നില്‍ അവതരിപ്പിക്കുമെന്ന് ദക്ഷിണ റയില്‍വേ ജി.എം. ആർ.എൻ.സിംഗ് എ.ജി.എം. വിപിൻകുമാർ, ഡി.ജി.എം. അജയ് കൗശിക് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
വരുമോ ബെംഗളുരു–കോഴിക്കോട് വന്ദേഭാരത്
വടക്കൻ കേരളത്തിന്റെ ദീർഘകാല ആവശ്യമായ കോഴിക്കോട്–ബെംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയര്‍ന്നു. പകല്‍ ട്രെയിന്‍ വരുന്നതോടെ റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരമാകുമെന്നായിരുന്നു അംഗങ്ങള്‍ ചൂണ്ടികാണിച്ചത്. എന്നാല്‍ സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ പാളത്തിന്റെ ശേഷിയുടെ ഇരട്ടിയിലധിക്കം നിലവില്‍ ഉപയോഗിക്കുന്നതടക്കമുള്ള സാങ്കേതിക തടങ്ങളാണ് അധികൃതര്‍ ചൂണ്ടികാണിച്ചത്. യശ്വന്ത്പൂര്‍–കണ്ണൂര്‍ എസ്ക്പ്രസ് (മംഗളുരു വഴി) കോഴിക്കോട്ടേക്ക് നീട്ടുന്നതും യാത്രക്കാരുടെ പ്രതിനിധികള്‍ യോഗത്തില്‍ ഉയര്‍ത്തി. നിലവിൽ രാവിലെ മുതൽ രാത്രി വരെ കണ്ണൂരിൽ ട്രെയിന്‍ കണ്ണൂരില്‍ നിർത്തിയിടുന്ന സഹചര്യമാണുള്ളത്. ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ പകല്‍സമയത്ത് റൂട്ടില്‍ നേരിടുന്ന തിരക്കിനു കുറവുണ്ടാകുമെന്നാണ് ചൂണ്ടികാണിക്കപെടുന്നത്.