മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയ പ്രഫസറെ ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ചോദ്യം സോഷ്യല്‍മീഡിയകളിലടക്കം പ്രചരിക്കുകയും വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വിവാദം അന്വേഷിക്കാൻ സർവകലാശാല ഒരു അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഈ ആഴ്ച നടന്ന ബി.എ. സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ ‘ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ’ എന്ന പേപ്പറിലെ 15 മാർക്കിന്റെ ചോദ്യത്തെച്ചൊല്ലിയാണ് വിവാദമുണ്ടായത്. ഉചിതമായ ഉദാഹരണങ്ങൾ നൽകി ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക, എന്നായിരുന്നു ചോദ്യം. പ്രൊഫ.

വീരേന്ദ്ര ബാലാജി ഷഹാരെയാണ് ഈ ചോദ്യപേപ്പർ തയ്യാറാക്കിയത്. അധ്യാപകന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും ശ്രദ്ധക്കുറവുമാണ് പരീക്ഷയെ വിവാദത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് നടപടി. സംഭവം വിവാദമായതോടെ സര്‍വകലാശാല അന്വേഷണ സമിതി രൂപീകരിച്ചു. സമിതി റിപ്പോർട്ട് ലഭിക്കുന്നതുവവരെ പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് സര്‍വകലാശാല വക്താവ് പറഞ്ഞത്.

അക്കാദമിക് ഉത്തരവാദിത്തവും സ്ഥാപനത്തിന്‍റെ അച്ചടക്കവും ഉയർത്തിപ്പിടിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു. പ്രൊഫസർക്കെതിരെ തല്‍ക്കാലം എഫ്‌ഐആർ രജിസ്റ്റർ ചെയ്യില്ല. തിങ്കളാഴ്ചയാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിന് പിന്നാലെ നിരവധി ഉപയോക്താക്കൾ ചോദ്യത്തിന്റെ ഉദ്ദേശ്യശുദ്ധിയേയും രാഷ്ട്രീയപരമായ പക്ഷപാതത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.

 
ENGLISH SUMMARY:

Exam question controversy is the focus. A professor at Jamia Millia Islamia University has been suspended after setting an exam question about the violence against Muslim minorities.