TOPICS COVERED

ഇന്ത്യന്‍ വംശജയായ യുവതിയെ ടൊറന്റോയില്‍ കൊല്ലപ്പെട്ട നിലയില്‍  കണ്ടെത്തി. പ്രതി പങ്കാളിയെന്ന സംശയത്തെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ രാജ്യവ്യാപകമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 30കാരിയായ ഹിമാന്‍ഷി ഖുരാനയാണ് കൊല്ലപ്പെട്ടത്. 

ഖുരാനയെ 32കാരനായ പങ്കാളി അബ്ദുല്‍ ഗഫൂരി കൊലപ്പെടുത്തിയെന്നാണ് പൊലീസിനു നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഡിസംബര്‍ 19നാണ് യുവതിയെ കാണാതായതായി ടൊറന്റോ പൊലീസിനു പരാതി ലഭിക്കുന്നത്. രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഡിസംബര്‍ 20ന് പുലര്‍ച്ചെ ആറരയോടെയാണ് കാണാതായ യുവതിയെ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഗഫൂരിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച പൊലീസ് രാജ്യത്താകെ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. പരോളില്ലാത്ത ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. 

ഹിമാന്‍ഷി ഖുരാനയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്ന് ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്സില്‍ കുറിച്ചു. ഇന്ത്യന്‍ വംശജയുടെ മരണവാര്‍ത്തയറിഞ്ഞ് അതീവദുഖത്തിലാണെന്നും  ഈ വേദന സഹിക്കാനുള്ള ശക്തി കുടുംബത്തിന് ലഭിക്കട്ടേയെന്നും കോണ്‍സുലേറ്റ് കുറിച്ചു. ടൊറന്റോയിലെ പ്രാദേശിക ഭരണകൂടവുമായും വിഷയം സംസാരിച്ചിട്ടുണ്ടെന്നും കുടുംബത്തിന് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു തരുമെന്ന് ഉറപ്പു നല്‍കിയതായും കോണ്‍സുലേറ്റ് പറയുന്നു. 

ENGLISH SUMMARY:

Toronto murder case involves the death of an Indian woman, Himanshi Khurana, in Toronto. Police have issued a Canada-wide arrest warrant for Abdul Ghafoor, suspected to be the partner of the victim.