നെഞ്ച് വേദനയുമായി എട്ട് മണിക്കൂറോളം കാനഡയിലെ ആശുപത്രിയില്‍ കാത്തിരുന്ന ഇന്ത്യക്കാരന് ദാരുണാന്ത്യം. കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ എട്ട് മണിക്കൂറിലധികം കാത്തിരുന്ന 44 വയസ്സുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്. കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ ഒന്നും ചെയ്തില്ലെന്ന് പ്രശാന്തിന്‍റെ ഭാര്യ ആരോപിച്ചു.
ഡിസംബർ 22ന് ജോലി സ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലെ വെയിറ്റിംഗ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്. ഈ സമയത്ത് ‘പപ്പാ, എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല’ എന്ന് കരഞ്ഞുകൊണ്ട് പ്രശാന്ത് പിതാവിനോട് പറയുന്നുണ്ടായിരുന്നു. താൻ അതിതീവ്രമായ വേദനയാണ് അനുഭവിക്കുന്നതെന്ന് പലതവണ പ്രശാന്ത് ജീവനക്കാരോട് പറഞ്ഞിട്ടും, ടൈലനോൾ എന്ന സാധാരണ വേദനസംഹാരി നൽകി കാത്തിരിക്കാൻ ആവശ്യപ്പെടുക ആയിരുന്നു.
ശ്രീകുമാറിന്‍റെ ഭാര്യ, ആശുപത്രിയിൽ വച്ച് തങ്ങൾക്ക് ആശുപത്രി അധികൃതരിൽ നിന്നും നേരിടേണ്ടിവന്ന നിസ്സഹകരണത്തെ കുറിച്ച് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. . മൂന്ന്, പത്ത്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികളുടെ അച്ഛനാണ് പ്രശാന്ത് ശ്രീകുമാർ. പ്രശാന്ത് ശ്രീകുമാറിന്‍റെ മരണത്തിന് പിന്നാലെ രോഗിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആശുപത്രി അധികൃതർ അനുശോചനം അറിയിച്ചു.