റൊട്ടി ഉണ്ടാക്കാൻ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യയേയും നാലുവയസുള്ള മകനേയും ചൂടുള്ള ഇരുമ്പുതവ കൊണ്ട് അടിച്ചതായി പരാതി. ഗൊരഖ്പൂരിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.
ശാസ്ത്രി നഗർ പ്രദേശത്ത് ഡിസംബർ 20-ന് രാത്രിയാണ് സംഭവം നടക്കുന്നത്. രാധിക സഹാനിയെന്ന 30കാരിയാണ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കിയത്. ലഖ്‌നൗവിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഭർത്താവ് ലാൽചന്ദ് സഹാനി പതിവായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നുവെന്ന് രാധിക പറയുന്നു. സംഭവം നടന്ന ദിവസം രാത്രി വീട്ടിലെത്തിയ ലാല്‍ചന്ദ് രാധികയോട് റൊട്ടിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു.
വീട്ടിലെ മറ്റു ജോലിത്തിരക്കിലായതിനാല്‍ രാധിക റൊട്ടിയുണ്ടാക്കാന്‍ അല്‍പം വൈകിപ്പോയി. ഈ സമയം ദേഷ്യം മൂത്തെത്തിയ ലാല്‍ചന്ദ് നേരെ അടുക്കളയിലേക്ക് കയറി ദോശയുണ്ടാക്കാന്‍ അടുപ്പത്ത് വച്ചിരുന്ന ഇരുമ്പുതവയെടുത്ത് രാധികയെ അടിച്ചു. അമ്മയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാലുവയസുകാരനെ കണ്ടതോടെ കുഞ്ഞിന്റെ തലയിലും തവകൊണ്ട് ആഞ്ഞടിച്ചു.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ രാധിക ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിനു ശേഷം വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി രാധികയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതിക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ലാൽചന്ദ് സഹാനിക്കായി വ്യാപക തിരച്ചില്‍ തുടരുന്നതായി ഗൊരഖ്‌നാഥ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശശി ഭൂഷൺ റായ് അറിയിച്ചു.