രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ സംഘപരിവാർ അതിക്രമങ്ങളിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാതെ പൊലീസ്. ക്രിസ്ത്യാനികൾക്ക് സംരക്ഷണവും കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. സംഘപരിവാർ അതിക്രമം തുടരവെ ഡൽഹിയിലെ CNI ദേവാലയ സന്ദർശനത്തിന് ഒരുങ്ങുകയാണ് പ്രധാനമന്ത്രി. ഒരേസമയം ക്രിസ്ത്യൻ സമൂഹത്തിനും സംഘപരിവാർ അതിക്രമങ്ങൾക്കും ഒപ്പം നിൽക്കുന്ന മോദി രാജ്യത്തിന്റെ അന്തസ്സ് തകർക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ ജബൽ പൂരിൽ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത കാഴ്ച വൈകല്യമുള്ള പെൺകുട്ടിയെ ബിജെപി നേതാവ് ആക്രമിച്ച തടക്കമുള്ള സംഭവങ്ങളിലാണ് പോലീസ് പരാതി ലഭിച്ചിട്ടില്ലെന്നു പറയുന്നത്.ഡൽഹി യിൽ സാൻ്റാ തൊപ്പി വെച്ച സ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചത് വലിയ സംഭവമല്ലെന്നാണ് ഡൽഹി പോലീസിൻ്റെ പ്രതികരണം. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ക്രിസ്ത്യാനികൾക്ക് സംരക്ഷണവും കുറ്റക്കാർക്കെതിരെ നടപടിയും സ്വീകരിക്കണമെന്ന് CBCI ആവശ്യപ്പെട്ടു. പള്ളികളിൽ നടക്കുന്ന ആരാധനയ്ക്കും ക്രിസ്മസ് ദിന പരിപാടികൾക്കും സുരക്ഷ ആവശ്യപ്പെട്ട് ഇടവകകൾ പോലീസിനെ സമീപിച്ചു.. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡൽഹി CNI സഭയുടെ ചർച്ച് ഓഫ് റിഡെംപ്ഷനിലെത്തും.അരമണിക്കൂർ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമാകും. ഒരുഭാഗത്ത് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുമ്പോൾ മറുഭാഗത്ത് പള്ളി സന്ദർശിക്കുന്ന മോദി എന്തു സന്ദേശം ആണ് നൽകുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.
ക്രിസ്മസിന് കേക്കുമായി വീടുകളിൽ എത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണെന്നും അവരാണ് ക്രൈസ്തവരെ ആക്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളെ സാൻ്റ വേഷം ധരിക്കാൻ നിർബന്ധിക്കരുതെന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗർ വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകി.