രാജ്യത്തെ ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നതായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.  രാജ്യത്തുടനീളം സുരക്ഷിതമായി ക്രിസ്മസ് ആഘോഷിക്കാന്‍  കര്‍ശന നിയമ പാലനം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുന്നു.  മത, ആരാധന സ്വാതന്ത്ര്യങ്ങള്‍ ഉറപ്പാക്കണം.  ക്രിസ്മസ് വേളയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഭരണഘടനയുടെ ആത്മാവിന് തന്നെ മുറിവേൽപ്പിക്കുന്നതാണ്.  അക്രമങ്ങളെ ശക്തമായി അപലപിക്കുന്നു  അക്രമകാരികള്‍ക്കെതിരെ  ശക്തമായ നടപടിയെടുക്കണമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. 

ക്രിസ്മസ് ദിനത്തിന്‍റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ക്ലിമിസ് കാതോലിക്ക ബാവാ. ക്രിസ്മസിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു. ജീവനെടുക്കാനും മര്‍ദിക്കാനും ഭയപ്പെടുത്താനും കഴിയും. ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്. അവര്‍ക്ക് വേണ്ടിയും ഭരിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കാമെന്നും ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്ക ബാവാ പറഞ്ഞു. 

ഉത്തരേന്ത്യയില്‍ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ അതിക്രമം ഉണ്ടായിരുന്നു. ഡൽഹി ബദര്‍പൂരിന് സമീപം സാൻ്റ തൊപ്പി വെച്ച സ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നു. മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ഒരുക്കിയ ക്രിസ്മസ് വിരുന്ന് തടയുകയും കുട്ടികളോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. അതേസമയം, രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ സംഘപരിവാർ അതിക്രമങ്ങളിൽ പരാതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല.

ENGLISH SUMMARY:

Christian Persecution is increasing in India, prompting calls for protection. The CBCI President appeals to the Prime Minister and Chief Ministers to ensure the safety of Christians and uphold religious freedom during Christmas.