അതിശൈത്യത്തില്‍ മഞ്ഞുപുതച്ച് കശ്മീര്‍ താഴ്‌വര. 'ചില്ലൈ കലാന്‍' എന്നറിയപ്പെടുത്ത ഏറ്റവും തണുപ്പേറിയ ദിനങ്ങള്‍ക്കാണ് മഞ്ഞുവീഴ്ചയോടെ തുടക്കം. താഴ്‌വരയിലെങ്ങും മനം കുളിര്‍ക്കുന്ന മഞ്ഞുകാല കാഴ്ചകളാണ്. കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള ആദ്യ മഞ്ഞുകാലത്തേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് താഴ്‍വര.
മഞ്ഞുവിരിച്ച് വിസ്മയ ഭൂമിപോലെ കശ്മീര്‍ താഴ്‌വര. ഈ ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ചയില്‍തന്നെ താഴ്‌വാരമാകെ വെളുത്ത മഞ്ഞുപുതപ്പിനുള്ളിലമര്‍ന്നു. കശ്മീരില്‍ 'ചില്ലൈ കലാന്‍റെ വരവറിയിച്ചാണ് മഞ്ഞുപെയ്തത്. താഴ്‌വരയില്‍ ഇനി 40 ദിവസം കഠിനമായ ശൈത്യത്തിന്‍റെ രാപകലുകള്‍.
സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളെല്ലാം മഞ്ഞില്‍ മായികലോകമായി. ഗുൽമാര്‍ഗില്‍ രണ്ട് ഇഞ്ച് കനത്തിലാണ് മഞ്ഞുവീണത്. സോനാമാർഗിലും ലേയിലും മണിക്കൂറുകളോളം മഞ്ഞുപെയ്തു.
രാവിലെ താപനില കുറഞ്ഞ് പൂജ്യം ഡിഗ്രി സെല്‍സ്യസിന് താഴെയെത്തി. മഞ്ഞുവീഴ്ച കശ്മീരിലെ റോഡ് ഗതാഗത്തെ സാരമായി ബാധിച്ചു. ശ്രീനഗറില്‍ നിന്നുള്ള ഒട്ടേറ വിമാന സർവീസുകളും റദ്ദാക്കി. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.