Image: NIA
ജമ്മു കശ്മീരില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിര്‍മ്മിത അസോൾട്ട് റൈഫിൾ സ്കോപ്പ് കണ്ടെത്തി. സ്‌നൈപ്പർ, അസോൾട്ട് റൈഫിളുകളിൽ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ചൈനീസ് അടയാളങ്ങളുള്ള സ്കോപ്പ് ആണ് കണ്ടെത്തിയത്. അസ്രാറാബാദിൽ ആറ് വയസ്സുകാരന്‍ ഇതുപയോഗിച്ച് കളിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ മാതാപിതാക്കളോട് വിവരം അന്വേഷിച്ചപ്പോളാണ് ഇന്നലെ രാവിലെ ഒരു മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് കുട്ടിക്ക് സ്കോപ്പ് കിട്ടിയതെന്ന് അറിയുന്നത്.
പിന്നാലെ സിദ്രയിൽ ഉദ്യോഗസ്ഥര്‍ വ്യാപക തിരച്ചില്‍ നടത്തി. സംഭവത്തില്‍ സാംബ ജില്ലയിൽ നിന്നുള്ള 24 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പൊലീസും സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംഭവം അന്വേഷിച്ചുവരികയാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എൻഐഎ ഓഫീസ് മാത്രമല്ല ജമ്മു കശ്മീർ പൊലീസിന്റെ സുരക്ഷാ ആസ്ഥാനം, സിആർപിഎഫിന്റെ ബറ്റാലിയൻ ആസ്ഥാനം, സീമ സുരക്ഷാ ബൽ (എസ്എസ്ബി) ആസ്ഥാനം എന്നിവയെല്ലാം റൈഫിൾ സ്കോപ്പ് കണ്ടെത്തിയ പ്രദേശത്തിന് സമീപം സ്ഥിതി ചെയ്യുന്നുണ്ട്.
ശൈത്യകാലം ആരംഭിച്ചതോടെ അതിർത്തികളില്‍ മൂടൽമഞ്ഞിന്റെ മറവിൽ നുഴഞ്ഞുകയറ്റം ഉണ്ടായേക്കാമെന്നും സൂചനകളുണ്ട്. ഇതിനിടയിലാണ് ചൈനീസ് സ്കോപ്പ് കണ്ടെത്തിയത്. ഇത് സുരക്ഷാ ഏജന്‍സികളില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷാ സേനകളും രാജ്യാന്തര അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങൾ മുതൽ നിയന്ത്രണ രേഖയിലെ പർവതങ്ങളില്‍ വരെ നുഴഞ്ഞുകയറ്റ സാധ്യതയെ തുടര്‍ന്ന് തിരച്ചിൽ നടത്തിവരികയാണ്.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്ത ലോഞ്ച് പാഡുകള്‍ ഏഴ് മാസങ്ങൾക്ക് ശേഷം പാകിസ്ഥാന്‍ പുനര്‍നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാതെ പാകിസ്ഥാൻ വീണ്ടും 72 ലോഞ്ച് പാഡുകൾ സജീവമാക്കിയിട്ടുണ്ടെന്നാണ് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ കഴിഞ്ഞ മാസം പറഞ്ഞത്. രാജ്യാന്തര അതിർത്തിക്കടുത്തുള്ള സിയാൽകോട്ട്, സഫർവാൾ പ്രദേശങ്ങളിൽ 12 ലോഞ്ച് പാഡുകളും നിയന്ത്രണരേഖയ്ക്ക് കുറുകെ 60 ലോഞ്ച് പാഡുകളും സജീവമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ജമ്മുവിലെ സാംബ ജില്ലയില്‍ നിന്നും മൊബൈലിൽ പാകിസ്ഥാൻ ഫോൺ നമ്പർ കണ്ടതിനെ തുടർന്നാണിത് ഒരു യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.