ഡൽഹി കോര്‍പ്പറേഷന്‍റെ കീഴിലുള്ള പാർക്കിൽ ഫുട്ബോൾ പരിശീലനം നൽകുന്ന ആഫ്രിക്കൻ പൗരനോട് ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണമെന്ന് ഭീഷണി മുഴക്കി ബിജെപി കൗൺസിലർ രേണു ചൗധരി. ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്കിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് കൗൺസിലറുടെ മുന്നറിയിപ്പ്. രേണു ചൗധരി സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
‘നിങ്ങൾ ഇതുവരെ ഹിന്ദി പഠിച്ചിട്ടില്ല, എന്തുകൊണ്ട് പഠിച്ചില്ല? ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്ക് ഉപയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കും,’ എന്ന് രേണു ചൗധരി വിഡിയോയിൽ പറയുന്നത് കേൾക്കാം. കഴിഞ്ഞ 15 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ കോച്ച്.
ചുറ്റുമുള്ളവർ ഇത് കേട്ട് ചിരിച്ചപ്പോൾ കൗൺസിലർ ഒന്നുകൂടി നിലപാട് കടുപ്പിച്ചു. ‘ഇത് ചിരിക്കാനുള്ള കാര്യമല്ല. ഞാൻ കാര്യമായി പറയുന്നതാണ്. എട്ടു മാസം മുൻപ് ഞാൻ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ രാജ്യത്ത് നിന്ന് പണം സമ്പാദിക്കുന്നുണ്ടെങ്കിൽ ഈ രാജ്യത്തെ ഭാഷയും പഠിക്കണം,’ രേണു ചൗധരി ആവര്‍ത്തിച്ച് പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി കൗൺസിലർ രംഗത്തെത്തി. ആരെയും ഭീഷണിപ്പെടുത്തുകയല്ല, മറിച്ച് ആശയവിനിമയം സുഗമമാക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. പാർക്കിന്റെ ചുമതലയുള്ള മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാർക്ക് ഇംഗ്ലീഷ് അറിയില്ലെന്നും, അതിനാൽ കോച്ചുമായി സംസാരിക്കാൻ അവർ ബുദ്ധിമുട്ട് നേരിടുന്നുവെന്നും ബിജെപി കൗൺസിലർ രേണു ചൗധരി വിശദീകരണത്തില്‍ പറയുന്നു.