bjp

ബി.ജെ.പിയുടെ സാധ്യതാപട്ടികയില്‍ തിരുവനന്തപുരവും ഇടംപിടിച്ചതോടെ ഇവിടെ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നഗരജില്ലാ അധ്യക്ഷന്‍ കരമന ജയന്‍. നടന്‍ ജി. കൃഷ്ണകുമാറും ഇവിടെ സാധ്യതാപട്ടികയിലുണ്ട്.  ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇവിടെ ബി.ജെ.പിക്ക് ഏറെ അനുകൂലമെന്നാണ് വിലയിരുത്തല്‍.

തിരുവന്തനപുരം മണ്ഡലത്തില്‍ എല്‍.ഡി.എഫിലും യുഡിഎഫിലും ആര് മല്‍സരിക്കുമെന്ന് വ്യക്തമാകാത്തതോടെയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തുടക്കത്തിലെ നേട്ടം സ്വന്തമാക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നത്. രണ്ടുതവണ ഇവിടെ എം.എല്‍.എ ആയ കേരള കോണ്‍ഗ്രസിന്‍റെ ആന്‍റണി രാജു തൊണ്ടിമുതല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഈ സീറ്റ് സി.പി.എം ഏറ്റെടുക്കമെന്ന് മുന്നണിയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ഇവിടെ  ഇടതുമുന്നണിയുടെ വോട്ടുവലിയതോതില്‍ ചോരുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. യുഡിഎഫിലും ഇവിടെ ആര് മല്‍സരിക്കുമെന്ന് തീരുമാനമായില്ല. സീറ്റ് സി.എം.പിയ്ക്കും സി.പി. ജോണിനും വിട്ടുകൊടുക്കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അന്തിമതീരുമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി നഗരജില്ലാ അധ്യക്ഷന്‍ കരമന ജയന്‍  ഇവിടെ മല്‍സരിക്കാന്‍ പരോക്ഷതാല്‍പര്യം അറിയിച്ചത്.

2021 ല്‍ ആന്‍റണി രാജു നാല്‍പ്പത്തിയെണ്ണായിരത്തിലേറെ വോട്ടു നേടിയപ്പോള്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത്രതന്നെ വോട്ടു കിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനാണ്. ബി.ജെ.പിയുടെ രാജീവ് ചന്ദ്രശേഖര്‍ നാല്‍പ്പത്തിമൂവായിരത്തിലേറെ വോട്ടുനേടി രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍, ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളിലെ വോട്ടുകണക്കനുസരിച്ച് എല്‍.ഡി.എഫിനാണ് മേല്‍കൈ. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് നേടിയപ്പോള്‍ ബി.ജെ.പി മുപ്പത്തിനാലായിരത്തിലേറെ വോട്ടുകളോടെ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. നടന്‍ ജി.കൃഷ്ണകുമാറും ഇവിടെ സാധ്യതാപട്ടികയിലുണ്ട്.

ENGLISH SUMMARY:

Thiruvananthapuram BJP candidate potential is being analyzed as the party's shortlist includes the constituency. This political analysis suggests a favorable environment for the BJP in Thiruvananthapuram, with potential candidates like city district president Karamana Jayan and actor G. Krishnakumar under consideration.