ഡൽഹിയിൽ പുകമഞ്ഞ് മാറ്റമില്ലാതെ തുടരുന്നു. അന്തരീക്ഷ മലിനീകരണ തോത് 400 നു മുകളിൽ. വ്യോമ -  റെയിൽ ഗതാഗതത്തെ  പുകമഞ്ഞു ബാധിച്ചതിനാൽ യാത്രക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് വിമാന കമ്പനികളും റെയിൽവേയും അറിയിച്ചു . മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച 612 വ്യവസായങ്ങൾ  അടച്ചുപൂട്ടാൻ ഡൽഹി സർക്കാർ നടപടി ആരംഭിച്ചു.

ശൈത്യം കടുക്കുകയും കാറ്റിന്റെ വേഗത കുറയുകയും ചെയ്തതിനാൽ ഡൽഹിക്ക് പുകമഞ്ഞിൽ നിന്നും തൽക്കാലത്തേക്ക് മോചനം ഉണ്ടാകില്ല. ഓറഞ്ച് അലേർട്ട് തുടരുകയാണ്.

സീസണിലെ ഇതുവരെയുള്ള ഏറ്റവും തണുപ്പേറിയ ദിനമായിരുന്ന ഇന്നലെ  ഡൽഹിയിൽ 129 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. കാഴ്ച പരിധി  കുറവാണെങ്കിലും ഇന്ന്  വിമാന, ട്രെയിൻ സർവീസുകൾ ഇന്നലത്തെ അവസ്ഥയിലേക്ക് പോയിട്ടില്ല. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും, കൗണ്ടറുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ നേരത്തെ എത്താനും വിമാന കമ്പനികൾ നിർദ്ദേശിച്ചു. വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്താൽ യാത്രക്കാർക്ക് റീഫണ്ടിനോ മറ്റൊരു വിമാനത്തിലേക്ക് മാറുന്നതിനോ ഉള്ള സൗകര്യം ഇൻഡിഗോ ഒരുക്കിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിരോധനം ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ. നഗരത്തിൽ തുടരുകയാണ്.  പരിശോധനയിൽ കണ്ടെത്തിയ  12,000 നിയമലംഘകർക്ക് ഉയർന്ന പിഴ ചുമത്തി  എന്ന് ഡൽഹി സർക്കാർ അറിയിച്ചു

ENGLISH SUMMARY:

Delhi Air Pollution remains a critical concern with persistent smog and high pollution levels. Travel disruptions continue, and stringent measures are in place to curb pollution, impacting daily life and air quality.