അർധരാത്രിയിലെ നാടകീയ രംഗങ്ങൾക്കൊടുവിൽ വി ബി - ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് ശബ്ദവോട്ടോടെ പാസാക്കിയത്. ദരിദ്രരായ ജനങ്ങളുടെ മൗലികാവകാശങ്ങൾ സർക്കാർ കവർന്നെടുത്ത് ഇല്ലാതാക്കി എന്ന് ആരോപിച്ച പ്രതിപക്ഷം നടുത്തളത്തിലെ പ്രതിഷേധത്തിന് പിന്നാലെ സഭ വിട്ടിറങ്ങി.
ശേഷം മകര കവാടത്തിൽ പ്രതിഷേധം തുടർന്നു. യുപിഎ ഭരണകാലത്ത് തൊഴിലുറപ്പ് പദ്ധതി അഴിമതി നിറഞ്ഞതായിരുന്നുവെന്നും, കോൺഗ്രസ് മഹാത്മാഗാന്ധിയുടെ ആശയങ്ങളെ കൊന്ന് അദേഹത്തിന്റെ പേര് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. രാജവ്യാപക പ്രതിഷേധം ഉയരുമെന്നും ബിൽ സർക്കാരിന് പിൻവലിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഉണർന്ന രാജ്യം ഈ അർദ്ധരാത്രിയിൽ ഇരുട്ടിലേക്ക് ഉണരുന്നു എന്ന് ഹാരിസ് ബീരാൻ വിമർശിച്ചു. കേരളത്തിനു ഉണ്ടാകാനിരിക്കുന്ന സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി സന്തോഷ് കുമാർ എംപി അടക്കമുള്ളവർ ആശങ്ക അറിയിച്ചു. അതേസമയം ലോക്സഭയിൽ ഇന്ന് അന്തരീക്ഷ മലിനീകരണത്തിന് മേലുള്ള ചർച്ച നടന്നേക്കും. ഇന്നത്തോടെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കും.