നിരവധി സുപ്രധാന നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. തൊഴിലുറപ്പ് നിയമത്തിനെതിരെ അവസാനദിവസവും ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നു. ഇന്നലെ സഭയുടെ മേശപ്പുറത്ത് കയറി പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ളവരടക്കം എട്ട് എം.പിമാര്‍ക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കി. അവസാനദിവസം പ്രധാനമന്ത്രി സഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉണ്ടായിരുന്നില്ല.
മഹാത്മഗാന്ധിയുടെ പേര് വെട്ടി വിബി ജിറാം ജിയാക്കിയ പുതിയ തൊഴിലുറപ്പ് ബില്ലാണ് ശീതകാലസമ്മേളനത്തെ ചൂടേറിയതാക്കിയത്. രാഷ്ട്രപിതാവ് പദ്ധതികളിലല്ല ഹൃദയത്തിലാണ് എന്ന് ന്യായീകരിച്ച ഭരണകക്ഷി, 48 മണിക്കൂറില്‍ ബില്‍ പാസാക്കിയെടുത്തു. പ്രതിപക്ഷ ആവശ്യപ്രകാരം നടന്ന തിരഞ്ഞെടുപ്പ് പരിഷ്ക്കരണ ചര്‍ച്ച അമിത് ഷാ– രാഹുല്‍ഗാന്ധി പോര്‍വിളിയില്‍ കലാശിച്ചു.
വന്ദേമാതരം ചര്‍ച്ചയില്‍ പ്രധാനമന്ത്രി തുടങ്ങി വച്ച നെഹ്റു കുടുംബത്തിനെതിരായ കടന്നാക്രമണം, വിബി ജി റാം ജി ബില്ലില്‍ ശിവ്രാജ് സിങ് ചൗഹാന്‍ വരെ തുടര്‍ന്നു. പേര് വെട്ടാന്‍ മഹാത്മഗാന്ധി തന്‍റെ കുടുംബാഗമല്ല എന്ന് ഭരണപക്ഷത്തെ ഓര്‍മിപ്പിച്ച പ്രിയങ്കഗാന്ധി ,വന്ദേമാതരം ചര്‍ച്ചയിലും ഭരണകക്ഷിക്ക് കണക്കിന് കൊടുത്തു. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിലെ പാലം ജോണ്‍ ബ്രിട്ടാസാണെന്ന വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍റെ രാജ്യസഭയിലെ പരാമര്‍ശം സിപിഎമ്മിന് ക്ഷീണമായി. ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കാം എന്ന് കേരളം സമ്മതിച്ചു എന്ന പ്രധാന്‍റെ പരാമര്‍ശം ഇടത് എം.പിമാര്‍ ചോദ്യം ചെയ്യാത്തതും ശ്രദ്ധേയമായി. തൊഴിലുറപ്പിന് പുറമേ ആണവോര്‍ജ ബില്ലും ഇന്‍ഷുറന്‍സ് ഭേദഗതി ബില്ലും പാസാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് നേട്ടമാണ്. ശബരിമല സ്വര്‍ണക്കൊള്ളയും ഈ സമ്മേളനത്തില്‍ സഭയ്ക്കകത്തും പുറത്തും മുഴങ്ങിക്കേട്ടു.
വിബി ജി റാം ജിക്കെതിരെ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചതിന് ഹൈബി ഈഡന്‍,ഡീന്ഡ കുര്യാക്കോസ്, ഷാഫി പറമ്പില്‍ തുടങ്ങി എട്ട് പ്രതിപക്ഷ എംപിമാര്‍ക്കെതിക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കി. ഗാന്ധിജിയുടെ പേരു വെട്ടിയതിനെതിരെ അവസാനദിവസം സഭയ്ക്ക് പുറത്ത് ടിഎംസി പാട്ടുപാടി പ്രതിഷേധിച്ചപ്പോള്‍ ഗാന്ധിയുടെ ചിത്രങ്ങളുയര്‍ത്തി കോണ്‍ഗ്രസ് മൗനപ്രതിഷേധം നടത്തി.