രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് യാതൊരു ഭയവും വേണ്ടെന്ന് സി.ബി.സി.ഐയുടെ ക്രിസ്മസ് വിരുന്നില്‍ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍. എപ്പോഴും നിങ്ങളോടൊപ്പമുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സി.ബി.സി.ഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാര്‍ ആൻഡ്രൂസ് താഴത്ത് സൂചിപ്പിച്ചതിനു പിന്നാലെയാണ് ഉപരാഷ്ട്രപതിയുടെ ഉറപ്പ്.  

ഡല്‍ഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്മസ് ആഘോഷ ചടങ്ങില്‍ മുഖ്യതിഥിയായിയെത്തിയാണ് ഉപരാഷ്ട്രപതിയുടെ ഉറപ്പ്. മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് സി.ബി.സി.ഐ അധ്യക്ഷൻ വേദിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വേദിവിടും മുമ്പ് വീണ്ടും ഉപരാഷ്ട്രപതി ആര്‍ച്ച് ബിഷപ്പിനോട് ഉറപ്പ് ആവര്‍ത്തിച്ചു.

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിലും വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിലും കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക വസതിയിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് സഭാനേതാക്കളെ ക്ഷണിച്ചാണ് ഉപരാഷ്ട്രപതി മടങ്ങിയത്. 

ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പരിഹാരം കാണാൻ കേന്ദ്രസർക്കാരിനെ സാധിക്കൂ എന്ന് മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. രാജീവ് ചന്ദ്രശേഖരടക്കമുള്ള ബി.ജെ.പി നേതാക്കളും ക്രിസ്മസ് ആഘോഷത്തിനെത്തി. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു സി.ബി.സി.ഐ ആസ്ഥാനത്തെ ക്രിസ്മസ് വിരുന്നിലെ മുഖ്യാതിഥി. 

ENGLISH SUMMARY:

Indian Christian community need not be afraid as the Vice President assures support and safety. The Vice President's statement addresses concerns raised about attacks on Christians, emphasizing religious freedom.