രാജ്യത്ത് ക്രൈസ്തവര്‍ക്ക് എതിരായ ആക്രമണങ്ങളെ അപലപിച്ച് സഭാ അധ്യക്ഷന്‍മാര്‍. അക്രമങ്ങളെ ചെറുക്കാന്‍ ഭരണകൂടം തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ക്രൈസ്തവരെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും സി.ബി.സി.ഐ. അഭ്യര്‍ഥിച്ചു. 

ക്രിസ്മസ് ദിനത്തിന്‍റെ പ്രാധാന്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മേജര്‍ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസിന്റെ പൊലിമ കളയാന്‍ മറ്റ് ആഘോഷങ്ങള്‍ പ്രഖ്യാപിക്കുന്നു.  ക്രൈസ്തവ വിശ്വാസികള്‍ക്ക് എതിരായ  ആക്രമണം കൂടികൂടി വരുന്നുവെന്ന്  ആര്‍ച്ച് ബിഷപ്പ്  ഡോ.  തോമസ് ജെ.നെറ്റോ പറഞ്ഞു.  ഉത്തരേന്ത്യയിലെ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ദുഃഖിപ്പിക്കുന്നു എന്ന് മാർത്തോമാ സഭ അധ്യക്ഷൻ ഡോ.  തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത. ക്രൈസ്തവര്‍ക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ ചെറുക്കാന്‍ ഭരണകൂടം തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു.

ക്രിസ്ത്യൻ ആരാധനകൾക്കും കാരൾ ഗാനങ്ങൾക്കും വരെ തടസ്സങ്ങൾ നേരിടുന്നത് സങ്കടകരമാണെന്ന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ.  മാലാഖമാർ പാടിയ പാട്ടുകളാണ് ഇന്ന് കാരൾ സംഘങ്ങൾ പാടുന്നതെന്ന് മാർ റാഫേൽ തട്ടിൽ. നമ്മുടെ ജീവിതത്തിൽ മറ്റുള്ളവരെ ചേർത്തുപിടിക്കുമ്പോൾ മാലാഖമാർ പാടിയ കാരൾ ഗാനങ്ങൾ നമ്മളും പാടുകയാണെന്നും മേജർ ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Christian persecution in India is rising, church leaders condemn the attacks. They urge the government to protect Christian communities and ensure religious freedom.