16വയസുകാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ച 22കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം. പ്രതിക്കെതിരെ പോക്സോ വകുപ്പുള്‍പ്പെടെ ചേര്‍ത്ത് കേസെടുത്തു.
ദുബാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്ന പത്താംക്ലാസുകാരിയെ ഡിസംബര്‍ ഒന്നു മുതലാണ് കാണാതായത്. സ്കൂളിലേക്ക് പോയ പെണ്‍കുട്ടി തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ പറ്റാതായതോടെ അടുത്ത ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്.
ദുബാര്‍ മേഖലയില്‍ വച്ച് പൊലീസിന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായി എസ് എച്ച് ഒ അറിയിച്ചു. വിശദമായ ചോദ്യംചെയ്യലില്‍ പെണ്‍കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു. സര്‍വ സ്വദേശിയായ രഞ്ജിത് പാല്‍ എന്ന വ്യക്തിയുമായി ഫോണ്‍ സംഭാഷണത്തിലൂടെ പരിചയപ്പെട്ടിരുന്നു.
പെട്ടെന്നൊരു ദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ അടുത്തുവന്ന് സംസാരിച്ച ശേഷം ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി മൊഴിയില്‍ പറയുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടി. പോക്സോ വകുപ്പ് പ്രകാരമുള്‍പ്പെടെയാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.