ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാനായി യുവാവ് നടത്തിയ കള്ളക്കളി പൊളിച്ച് പൊലീസ്. ഞായറാഴ്ചയാണ് സംഭവം. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഔസ താലൂക്കിൽ, പൂർണ്ണമായും കത്തിനശിച്ച ഒരു കാറിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ അയാള്‍ തന്റെ കാര്‍ ബന്ധുവായ ബാങ്ക് റിക്കവറി ഏജന്റ് ഗണേഷ് ചവാന് നല്‍കിയിരിക്കുകയായിരുന്നെന്ന് കണ്ടെത്തി. ഗണേഷ് ചവാനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ വീട്ടിലെത്തിയില്ലെന്നും പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അപ്പോള്‍ മരിച്ചത് ഗണേഷ് ചവാനാണെന്ന് പൊലീസ് ഊഹിച്ചതായി ലാത്തൂർ പോലീസ് സൂപ്രണ്ട് അമോൽ താംബ്ലെ പറഞ്ഞു.
എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ലെന്ന് പൊലീസിനു ബോധ്യപ്പെട്ടു. ഗണേഷ് ചവാന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. അയാളെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചവാന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തി. ഇവിടെയാണ് കഥയിലെ ട്വിസ്റ്റ് സംഭവിച്ചത്. പൊലീസ് ചവാന്റെ കാമുകിയെ കണ്ടെത്തി ചോദ്യം ചെയ്തതോടെ മറ്റൊരു നമ്പറില്‍ നിന്നും ചവാന്‍ യുവതിക്ക് ചാറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടു.
മരിച്ചെന്ന് കരുതിയ ആൾ ജീവിച്ചിരിപ്പുണ്ടെന്ന് തെളിഞ്ഞതോടെ, കാറിലുണ്ടായിരുന്നത് ആരാണെന്ന് കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചവാന്റെ പുതിയ ഫോൺ നമ്പർ ട്രാക്ക് ചെയ്യാൻ തുടങ്ങി. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്തുള്ള അന്വേഷണം കോലാപ്പൂരിലേക്കും പിന്നീട് സിന്ധുദുർഗ് ജില്ലയിലെ വിജയദുർഗിലേക്കും എത്തി. വിജയദുര്‍ഗില്‍വച്ച് ചവാനെ കണ്ടെത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചവാനെ ചോദ്യം ചെയ്തപ്പോഴാണ് ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെന്നും ആ പണം തട്ടിയെടുക്കാനുള്ള കുബുദ്ധിയായിരുന്നെന്നും ബോധ്യപ്പെട്ടത്. തന്റെ പേരിലുള്ള ലോണ്‍ അടച്ചുതീർക്കാൻ മറ്റൊരു മാര്‍ഗവും കണ്ടില്ലെന്നായിരുന്നു ചവാന്റെ മറുപടി. ഇതിനായി സ്വന്തം മരണം ആസൂത്രണം ചെയ്തു. അതിനായി ഒരു പാവം യുവാവിനെ ചവാന്‍ കൊലപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി.
ശനിയാഴ്ച, ഔസയിലെ തുൽജാപ്പൂർ ടി-ജംഗ്ഷനിൽ വെച്ച് ഗോവിന്ദ് യാദവ് എന്ന യുവാവിന് ചവാൻ ലിഫ്റ്റ് നല്‍കാമെന്ന് അങ്ങോട്ട് വാഗ്ദാനം ചെയ്യുകയും, മദ്യപിച്ചിരുന്ന യുവാവിന്റെ അവസ്ഥയെ മുതലെടുത്ത് കൊല ആസൂത്രണം ചെയ്തെന്നും പൊലീസ് പറയുന്നു.
‘ആദ്യം ഒരു ഹോട്ടലില്‍ നിര്‍ത്തി ഭക്ഷണം കഴിച്ച ശേഷം വനവാഡ പാടി-വനവാഡ റോഡുവഴി യാത്ര ചെയ്തു. ഇതിനിടെ മദ്യലഹരിയിലായിരുന്ന യാദവ് കാറിനുള്ളില്‍വച്ച് ഉറങ്ങിപ്പോയി. തുടർന്ന് ചവാൻ അയാളെ ഡ്രൈവർ സീറ്റിലേക്ക് വലിച്ചിരുത്തി, സീറ്റ് ബെൽറ്റ് ഇട്ടു, സീറ്റിൽ തീപ്പെട്ടിക്കോലുകളും പ്ലാസ്റ്റിക് ബാഗുകളും വെച്ച് തീ കൊളുത്തി’ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും താൻ മരിച്ചുവെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനുമായി ചവാൻ തന്റെ സ്വര്‍ണ ബ്രേസ്‌ലെറ്റും ഡ്രൈവര്‍ സീറ്റിനോട് ചേര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കൊലപാതകത്തിനു കേസെടുത്ത പൊലീസ് ചവാന് കൂട്ടാളികള്‍ ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.