കോഴിക്കോട് കൈതപ്പൊയിലിലെ അപാര്‍ട്മെന്‍റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹസ്ന അഞ്ചുമാസമായി താമസിച്ചത് ക്രിമിനലിനൊപ്പമെന്ന് ബന്ധുക്കള്‍. മരിച്ച കാക്കൂർ സ്വദേശിനി ഹസ്നക്കൊപ്പം താമസിച്ച ആദിലിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.
ഇന്നലെ രാവിലെയാണ് 34 വയസുകാരി ഹസ്നയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹ മോചിതയായ ഹസ്ന അഞ്ചു മാസമായി പുതുപ്പാടി സ്വദേശിയായ ആദിലിനൊപ്പമാണ് താമസം. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ലഹരിക്കേസുകളിലൊക്കെ ഉള്‍പ്പെട്ട കാര്യം ഹസ്ന പിന്നീടാണ് അറിഞ്ഞതെന്നും ബന്ധു പറയുന്നു.
മരിക്കുന്നതിന് തലേദിവസം ഹസ്ന ഉമ്മയെ വിളിച്ച് വീട്ടിലേക്ക് മടങ്ങാൻ താത്പര്യം അറിയിച്ചിരുന്നു. ഇവിടത്തെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്ത ശേഷം താന്‍ വീട്ടിലേക്ക് വരുമെന്നും മകനൊപ്പം ഇനി നന്നായി ജീവിക്കണമെന്നും പറഞ്ഞതായി ബന്ധു പറയുന്നു. പിന്നാലെ ഹസ്നയെ വിളിച്ചു നോക്കിയപ്പോള്‍ ആദിലാണ് ഫോണെടുത്തതെന്നും തലവേദന കാരണം കിടക്കുകയാണെന്നും ഉമ്മയോട് പറഞ്ഞു.
പിന്നാലെ ഇയാള്‍ തന്നെ വീട്ടിലേക്ക് വിളിച്ച് ഹസ്ന ആത്മഹത്യ ചെയ്ത കാര്യം അറിയിക്കുകയായിരുന്നു. മരണത്തിൽ സമഗ്രാന്വേഷേണം വേണമെന്നാണ് ബന്ധുകളുടെ ആവശ്യം .അതേസമയം ഹസ്നയേടുത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മറ്റു പരുക്കുകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.