വോട്ടു കൊള്ളക്കെതിരായ മഹാറാലി യിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹു ഗാന്ധി. അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷനുള്ള സംരക്ഷണം ഒഴിവാക്കി ഗ്യാനേഷ് കുമാർ അടക്കമുള്ളവർക്കെതിരെ നടപടിയെടുക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് കൊള്ളക്കിടയിലും കേരളത്തിൽ വൻവിജയം നേടിയ നേതൃത്വത്തെ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അഭിനന്ദിച്ചു. അഞ്ചു കോടിയിലധികം പേർ ഒപ്പിട്ട വോട്ടു കൊള്ളയ്ക്കെതിരായ നിവേദനം ഉടൻ രാഷ്ട്രപതിക്ക് സമർപ്പിക്കും.
മോദി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെ വോട്ടുകൊള്ള എങ്ങിനെ നടത്തുന്നു എന്നും പരിണിതഫലം എന്തെന്നും അക്കമിട്ടു നിരത്തി കടന്നാക്രമിച്ചു നേതാക്കൾ. ഉന്നയിച്ച ആരോപണങ്ങളിൽ ആഭ്യന്തരമന്ത്രി അമിത് ഷായെ രാഹുൽഗാന്ധി വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു. RSS മേധാവി മോഹൻ ഭാഗവത് ലോകം സത്യത്തെ അല്ല ശക്തിയാണ് നോക്കുന്നത് എന്നാണ് പറയുന്നതെങ്കിൽ സത്യം രാജമറിയട്ടെ എന്ന് രാഹുൽ ഗാന്ധി.
ബിജെപിയുടെയും എൻഡിഎയുടെയും വിജയങ്ങളെല്ലാം വോട്ട് കൊള്ളയിലൂടെയാണെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ' അത് തുറന്നു കാട്ടുമ്പോൾ മനുസ്മൃതിയിൽ വിശ്വസിക്കുന്ന മോദിയും അമിത് ഷായും നെഹ്‌റു, ഗാന്ധി, പട്ടേൽ എന്നിവരെ അപഹസിക്കുകയാണ്. ഇതിനിടയിലും കേരളത്തിൽ NDA യെ തകർത്തെറിഞ്ഞ നേതൃത്വത്തിന് അഭിനന്ദനമെന്നും ഖർഗെ
ഭരണഘടന ഉറപ്പുനൽകിയ വോട്ടവകാശം കൊള്ളയടിക്കാൻ കൂട്ടുനിന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷണർ മാരുടെയും പേരുകൾ മറക്കരുതെന്ന് മുദ്രാവാക്യത്തിലൂടെ പ്രിയങ്ക ഗാന്ധി. വോട്ട് കൊള്ളക്കെതിരായ പ്രതിഷേധം പ്രധാനമന്ത്രിയുടെ വസതിവരെ എത്തണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സോണിയാഗാന്ധിയും പ്രവർത്തകസമിതി അംഗങ്ങളും പിസിസി നേതാക്കളും അടക്കം നേതാക്കളുടെ വലിയ നിര തന്നെ റാലിക്ക് എത്തി. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കണം എന്നും ആവശ്യപ്പെട്ടാണ് 5.5 കോടി പേർ ഒപ്പിട്ട നിവേദനം കോൺഗ്രസ് തയ്യാറാക്കിയത്.