indigo-ticket

TOPICS COVERED

ഇൻഡിഗോ എയർലൈൻസ് പ്രതിസന്ധിയെത്തുടർന്ന് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന .  വിമാനക്കമ്പനികൾ ഏകദേശം മുപ്പത് ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ച് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും സ്കൂളുകൾ അടച്ചതോടെ യാത്രക്കാരുടെ വർധനയും നിരക്ക് വർധിക്കാനുള്ള പ്രധാന കാരണങ്ങളായി. 

ദുബായിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സെക്ടറുകളിലേക്കുള്ള നിരക്കിലാണ് 30 ശതമാനം വരെ വർദ്ധനവുണ്ടായത്. ദുബായ്-ബെംഗളൂരു, ഹൈദരാബാദ്, മുംബൈ റൂട്ടുകളിലും യഥാക്രമം 28, 26, 22 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരെയാണ്  വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് തലേദിവസം നാട്ടിൽ നിന്ന് ദുബായിൽ തിരിച്ചെത്താൻ ഒരാൾക്ക് ശരാശരി 2500 ദിർഹമാണ് നിരക്ക് , ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അറുപത്തി ഒന്നായിരത്തിലധികം രൂപ വരുമിത് . 

നാലംഗ കുടുംബത്തിന് കൊച്ചിയിൽ നിന്ന് ദുബായിൽ എത്തണമെങ്കിൽ രണ്ടര ലക്ഷത്തോളം രൂപ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. യുഎഇ-ഇന്ത്യ സെക്ടറുകളിലെ ഏറ്റവും വലിയ വിപണി വിഹിതമുള്ള ഇൻഡിഗോയുടെ റദ്ദാക്കലുകളാണ് സീറ്റുകളുടെ ലഭ്യത കുറയാൻ പ്രധാന കാരണം. ഇൻഡിഗോ പ്രശ്നം ഉടൻ പരിഹരിച്ചാൽ ജനുവരി അവസാനത്തോടെ നിരക്ക് സാധാരണ നിലയിലാകുമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ.

അതേസമയം ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരവേ ശക്തമായ നടപടികൾക്കൊരുങ്ങി DGCA.  കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ നൽകിയ മറുപടിയിൽ  DGCA  തൃപ്തരെല്ലെന്നാണ്  വിവരം. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെയും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഇസിഡ്രോ പ്രോക്വറാസിനെയും ഡിജിസിഎ രൂപീകരിച്ച നാലംഗ അന്വേഷണ സമിതി വിളിച്ചുവരുത്തിയേക്കും.  ഇന്നും ഇൻഡിഗോ വിമാന സർവീസുകൾ മുടങ്ങും. 

ഇന്നലെ 1,800ലേറെ വിമാനങ്ങൾ സർവീസ് നടത്തിയതായി ഇൻഡിഗോ അറിയിച്ചു.  ഞായറാഴ്ച 1,650 വിമാനങ്ങളാണ് സർവീസ് നടത്തിയിരുന്നത്, 90% കൃത്യസമയം പാലിച്ചെന്നും ഷെഡ്യൂളിലെ എല്ലാ റദ്ദാക്കലുകളും മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ വിശദീകരിച്ചു.  ലോക്സഭയിൽ  ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രി  റാം മോഹൻ നായിഡു ഇന്ന് പ്രത്യേക പ്രസ്താവന നടത്തും.

ENGLISH SUMMARY:

UAE Flight prices are soaring due to Indigo flight cancellations and increased travel demand. This has significantly impacted travelers from the UAE to India, with potential relief expected by the end of January if the Indigo issue is resolved.