ബൈക്കിലെത്തിയ കവർച്ചാ സംഘം ഓടുന്ന ബസിൽ നിന്ന് യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ സോളാപൂർ-ധുലെ ഹൈവേയിലാണ് സംഭവം. മോഷ്ടാക്കളിലൊരാൾ അതിവേഗത്തിൽ ഓടുന്ന ബസിൽ കയറി പിന്നിലെ ലഗേജ് കമ്പാർട്ട്‌മെന്‍റെ തുറന്ന് ബാഗുകൾ റോഡിലേക്ക് വലിച്ചെറിയുന്നതും, അത് കൂട്ടാളികൾ ശേഖരിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായ മോഷണ ദൃശ്യങ്ങളില്‍ കാണാം.
2025 ഒക്ടോബറിലാണ് സംഭവം നടന്നത്. ഒരു വിവാഹ ചടങ്ങിനായി പോവുകയായിരുന്ന സ്വകാര്യ യാത്രാ ബസിനെയാണ് പ്രതികൾ പിന്തുടർന്നത്. ഓടുന്ന ബസിന്‍റെ പിന്നിലെ ഏണി വഴി, ബൈക്കിന് പിന്നിലിരുന്നയാൾ ബൈക്കോടിക്കുന്നയാളുടെ തോളിൽ ചവിട്ടി നിന്ന് ബസിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബസിന് മുകളിലെത്തിയ ശേഷം ഇയാൾ ലഗേജ് കമ്പാർട്ട്‌മെന്‍റ് തുറന്ന് നിരവധി ബാഗുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. തൊട്ടുപിന്നാലെ വന്ന കൂട്ടാളികൾ ബാഗുകൾ ശേഖരിച്ച്, അതിലെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നു കളഞ്ഞു.
സംഭവം ബീഡ് പൊലീസ് അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്താനുമായി ദേശീയപാതയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാൻ ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടു. പട്രോളിംഗും ഹൈവേ നിരീക്ഷണവും വർദ്ധിപ്പിച്ചതായി ബീഡ് സൂപ്രണ്ട് ഓഫ് പൊലീസ് നവനീത് കൺവത് അറിയിച്ചു. പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, നിർത്തിയിട്ടിരിക്കുന്നതോ സാവധാനം പോകുന്നതോ ആയ യാത്രാ ബസുകളിൽ നിന്നുള്ള മോഷണങ്ങളും കവർച്ചകളും സമീപ ആഴ്ചകളിൽ വർദ്ധിച്ചിട്ടുണ്ട്.
യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും, വിലപിടിപ്പുള്ള വസ്തുക്കൾ പുറത്തുള്ള ലഗേജ് കമ്പാർട്ട്‌മെന്‍റുകളിൽ വെക്കുന്നത് ഒഴിവാക്കണമെന്നും, സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഹൈവേയോരത്തുള്ള ഹോട്ടലുകൾക്കും ഭക്ഷണശാലകൾക്കും അവരുടെ സിസിടിവി സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാനും, സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.