ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ ഹെൽമറ്റ് ധരിച്ച് കാര്‍ ഓടിച്ച് യുവാവ്. നേരത്തെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണം പറഞ്ഞ് പൊലീസ് പിഴ ഈടാക്കിയതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രതിഷേധം. കാർ ഡ്രൈവർ ഹെൽമറ്റ് ധരിച്ച് വാഹനം ഓടിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
പുറത്തുവന്ന വിഡിയോയിൽ, കാറോടിക്കുന്ന ഗുൽഷൻ എന്ന വ്യക്തിയെ കാണാം. കഴിഞ്ഞ നവംബർ 26-ന് നാലുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചില്ല എന്ന പേരിൽ പൊലീസ് തനിക്ക് 1,100 രൂപ പിഴ ചുമത്തിയെന്ന് ഇയാള്‍ പറയുന്നു. ‘ഞാൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു, പക്ഷേ ഹെൽമറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പൊലീസ് എനിക്ക് പിഴ ചുമത്തി,’ അദ്ദേഹം പറഞ്ഞു.
അധ്യാപകനായ ഗുൽഷൻ താൻ നിയമം അനുസരിക്കുന്ന പൗരനാണെന്നും, പിഴ ചുമത്തിയതിന് ശേഷം കാറോടിക്കുമ്പോൾ ഹെൽമറ്റ് ധരിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. ഭാവിയിൽ പിഴ ചുമത്തുന്നത് ഒഴിവാക്കാൻ താൻ ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.