വിവാഹച്ചടങ്ങിനെത്തിയ യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത രാജ്യാന്തര പാരാ–വെയ്റ്റ്ലിഫ്റ്റിങ് താരത്തെ ഒരു സംഘം തല്ലിക്കൊന്നു. ഹരിയാനയിലെ റോത്തക്കില്‍ ശനിയാഴ്ച്ചയാണ് സംഭവം.
ഭിവാനി ഗ്രാമത്തിലെ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു വെയ്റ്റ് ലിഫ്റ്റിങ് താരം രോഹിത് . ചടങ്ങിനിടെ രാഹുല്‍ എന്ന യുവാവും പത്തോളം സുഹൃത്തുക്കളും ഒരു യുവതിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി അവഹേളിക്കുന്നത് രോഹിതിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ രോഹിത് സംഭവത്തില്‍ ഇടപെടുകയും യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടര്‍ന്ന് രോഹിതും രാഹുലും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും രാഹുലിന്റെ സുഹൃത്തുക്കള്‍ കൂടി വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ആദ്യം പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും രോഹിത് ചടങ്ങുകഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി രാഹുലും സുഹൃത്തുക്കളും വണ്ടി തടഞ്ഞ് പ്രശ്നം സൃഷ്ടിച്ചു. വടികളും ദണ്ഡുകളും ഉപയോഗിച്ച് ഇവര്‍ രോഹിതിനെ തലങ്ങും വിലങ്ങും മര്‍ദിച്ചു.
ഇരുപതോളം ആളുകളാണ് രോഹിതിനെ മര്‍ദിക്കാനെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ തന്നെയാണ് സംഭവം പൊലീസിനെ അറിയിച്ചതും രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. എന്നാല്‍ ചികിത്സയ്ക്കിടെ രോഹിത് മരണപ്പെട്ടു. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അത്‌ലറ്റിക് നേട്ടങ്ങള്‍ക്കൊപ്പം ബിസിനസുകാരന്‍ കൂടിയായിരുന്നു രോഹിത്.