പശു ഫാം നടത്തുന്നയാളെ അപകടപ്പെടുത്താന്‍ വേണ്ടി ഗുണ്ട് എറിഞ്ഞ യുവാവ് അറസ്റ്റില്‍. കൊടുങ്ങല്ലൂരാണ് സംഭവം. അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് മതിലകത്ത് വീട്ടിൽ ഹസനുൽ ബന്നയെയാണ് (43) റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അഴീക്കോട് സ്വദേശി ബൈജുവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞെന്നാണ് കേസ്. 28ന് രാവിലെ ആറോടെ ബൈജുവിന്റെ വീടിനോട് ചേർന്ന് പശു ഫാമിൽ പാൽ കറക്കാനായി വന്നപ്പോഴാണ് ഹസനുൽ ബന്ന ഗുണ്ട് കത്തിച്ച് എറിഞ്ഞത്. ഗുണ്ട് തൊഴുത്തിൽ വീണ് പൊട്ടിയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിക്ക് ഉള്ള വിരോധത്താലാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. ഹസനുൽ ബന്ന കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസ് അടക്കം പതിനൊന്ന് ക്രിമിനൽക്കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.