മധ്യപ്രദേശിലെ ഭോപ്പാലിൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർഥി പ്രക്ഷോഭം. ക്യാംപസിൽ മഞ്ഞപ്പിത്തം പടരുന്നതിനെതിരായ പ്രക്ഷോഭത്തിനിടെയാണ് സംഘർഷം. മലയാളി വിദ്യാർഥികൾക്കടക്കം പരുക്കേറ്റു. പ്രതിഷേധത്തെ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു.
വൃത്തിഹീനമായ വെള്ളത്തെ തുടർന്ന് മഞ്ഞപ്പിത്തം പടരുന്നതായി ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പതിനായിരത്തിലേറെ വിദ്യാർഥികൾ വിവിധ ഹോസ്റ്റലുകളിൽനിന്ന് പുറത്തേക്ക് ഇറങ്ങിയതോടെ പ്രതിഷേധം കൈവിട്ടു. കാറിന് തീയിട്ടും ഇൻസ്റ്റിറ്റ്യൂട്ടിലെ ചില മുറികൾ അടിച്ചുതകർത്തും ശക്തമായ പ്രതിഷേധം.
പ്രതിഷേധിച്ച വിദ്യാർഥികളെ ഇൻസ്റ്റിറ്റ്യൂട്ടിലെ സുരക്ഷ ജീവനക്കാരടക്കം മർദിച്ചെന്ന് ആരോപണമുണ്ട്. പ്രതിഷേധം അക്രമാസക്‌തമായതോടെ പൊലീസിറങ്ങി. മണിക്കുകൾ നീണ്ട സംഘർഷം പുലർച്ചെയാണ് അവസാനിച്ചത്. കോളറ ബാധിച്ച് മലയാളികളടക്കം നൂറോളം വിദ്യാർഥികൾ ചികിൽസയിലാണ്. പ്രതിഷേധത്തിൻ്റേയും മർദനത്തിൻ്റേയും ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെയാണ് പങ്കുവച്ചത്. ശിക്ഷാ നടപടിയുണ്ടാകുമോയെന്ന അശങ്കയിൽ വിദ്യാർഥികൾ പ്രതികരണത്തിന് തയാറല്ല.