mumbai-attack

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പതിനേഴാം വാർഷികമാണ് ഇന്ന്. 2008 നവംബർ 26നു കടൽ കടന്നെത്തിയ 10 പാക്ക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി നടത്തിയ കിരാതവേട്ടയിൽ ജീവൻ നഷ്ടപ്പെട്ടതു 166 പേർക്കാണ്. പരുക്കേറ്റത് അറുനൂറിലേറെപ്പേർക്കും. മുംബൈയെ കുരുതിക്കളമാക്കിയ ഭീകരാക്രമണത്തിന്റെ ഓർമകളുണർത്തി പലയിടങ്ങളിലും വെടിയുണ്ടയുടെ പാടുകൾ ഇന്നും അവശേഷിക്കുന്നു.

2008 നവംബർ 26 : ഇന്ത്യൻ ജനതയ്ക്ക് ഒരിക്കലും മറക്കാനും പൊറുക്കാനുമാകാത്ത ദിനം. പല സംഘങ്ങളായി തിരഞ്ഞ ഭീകരവാദികള്‍, മുംബൈയിലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ 12 സ്ഥലങ്ങളിലാണ് അക്രമണം നടത്തിയത്. ആദ്യം ആക്രമണം എഴുപത് ലക്ഷം ആളുകള്‍ പ്രതി ദിനം യാത്രചെയ്യുന്ന നഗര ഹൃദയത്തിലെ സിഎസ്ടി റയില്‍വേ സ്റ്റേഷനിലായിരുന്നു.

90 മിനിറ്റോളം നീണ്ട അക്രമണത്തില്‍ 58 പേര്‍ മരിച്ചു. തുടര്‍ന്ന്, താജ് ഹോട്ടൽ, ട്രൈഡന്റ് ഹോട്ടൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, മെട്രോ സിനിമാ ഹാൾ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്തി. താജ് ഹോട്ടലിലും ട്രൈഡന്റ് ഹോട്ടലിലും നരിമാൻ ഹൗസിലും ആളുകള്‍ ബന്ധിയാക്കി. 

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ നെഞ്ചിലേക്കു വെടിയുതിർത്ത പാക്ക് ഭീകരരെ രാജ്യം ഒരൊറ്റ മനസ്സോടെ നേരിട്ട മുന്ന് ദിനരാത്രങ്ങൾ. ഒന്‍പത് ഭീകരവാദികളെയും എന്‍.എസ്.ജി കൊലപ്പെടുത്തി. പാക്ക് പൗരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടാനായത് ഭീകരപ്രവർത്തനങ്ങളിലെ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്നതിൽ നിർണായകമായി. കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി. 

മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഇങ്ങനെ രാജ്യത്തെ മുറിപ്പെടുത്തിയവരെ നേരിടാനെത്തി ജീവന്‍ പൊലിഞ്ഞ ധീരര്‍ ഏറെ. നഗരം പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും ആ ദിനങ്ങൾ ഇന്നും രാജ്യത്തിന് നടുക്കുന്ന ഓർമയാണ്. 

ENGLISH SUMMARY:

The Mumbai terror attack remains a stark reminder of the tragic events of November 26, 2008. Seventeen years later, the memories of the attacks on Mumbai, which claimed 166 lives, continue to haunt the nation.