ആര്‍.എസ്,എസിനെ പരിഹസിച്ച് ടീ ഷര്‍ട്ട് ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത കൊമേഡിയന്‍ കുനാല്‍ കമ്ര വിവാദത്തില്‍. സമൂഹമാധ്യമമായ എക്സിലാണ് കുനാല്‍ ചിത്രം പോസ്റ്റ് ചെയ്തത്.. കോമഡി ക്ലബില്‍ നിന്നുള്ള ചിത്രമല്ല എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കടുത്ത വിമര്‍ശനവുമായി ബിജെപിയും ആര്‍.എസ്,എസും രംഗത്തെത്തി. ആക്ഷേപകരമായ ഇത്തരം പോസ്റ്റുകള്‍ ഇടുന്നവര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ചന്ദ്രശേഖർ ബാവൻകുലെ ആവശ്യപ്പെട്ടു.
ബി.ജെ.പി സഖ്യകക്ഷിയായ ശിവസേനയിലെ മന്ത്രി സഞ്ജയ് ശിർസതും കുനാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. നേരത്തെ പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവ്സേന നേതാവുമായ ഏക്നാഥ് ഷിൻഡെക്കും നേരെയയായിരുന്നു ആക്രമണം. ഇപ്പോൾ ആർ.എസ്.എസിനെയും കടന്നാക്രമിക്കുന്നു. ഇതിന് മറുപടി നൽകണം സഞ്ജയ് ശ്രിസത് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ ശിവസേന തലവനായ ഷിൻഡെയ്‌ക്കെതിരെ കുനാല്‍ നടത്തിയ വിമര്‍ശനങ്ങളും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.തന്‍റെ ഷോയിൽ ഒരു പ്രശസ്തമായ ഹിന്ദി ചലച്ചിത്ര ഗാനത്തിന്‍റെ വരികൾ മാറ്റിയെഴുതി ഷിൻഡെയുടെ രാഷ്ട്രീയ ജീവിതത്തെ പരിഹസിക്കുകയായിരുന്നു. ഇതില്‍ രോഷാകുലരായ ശിവസേന അംഗങ്ങൾ പിന്നീട് മുംബൈയിലെ ഖാറിലുള്ള ഹാബിറ്റാറ്റ് കോമഡി ക്ലബ്ബും, കാമ്രയുടെ ഷോ നടന്ന ഹോട്ടലിന്‍റെ പരിസരവും തകർത്തിരുന്നു.