ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 24നാണ് അടൽ ആവാസ് കോളനിയില്‍ താമസിക്കുന്ന മുപ്പതുകാരിയായ ശിവാനി താംബെ എന്ന നേഹയെ വീടിനുള്ളിൽ കിടക്കയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേമുറിയില്‍ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ഭർത്താവ് രാജ് താംബെയുടെ മൃതദേഹം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും നേഹയെ കൊന്ന് ഭര്‍ത്താവ് രാജു ആത്മഹത്യ ചെയ്താകാമെന്നാണ് നിലവില്‍ പൊലീസിന്‍റെ അനുമാനം.
തിങ്കളാഴ്ച ഏറെ നേരമായിട്ടും രാജും നേഹയും വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ, നേഹയുടെ അമ്മ റീനയാണ് വീട്ടില്‍ ചെന്നുനോക്കിയത്. എന്നാല്‍ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വാതിൽ തുറന്നപ്പോളാണ് മകൾ കട്ടിലിൽ മരിച്ചുകിടക്കുന്നതും മരുമകൻ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയിലും റീന കാണുന്നത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസിനെ കൂടുതൽ ഞെട്ടിച്ചത് ചുവരുകളിൽ ലിപ്സ്റ്റിക് കൊണ്ട് എഴുതിയ കുറിപ്പുകളായിരുന്നു.
കുറ്റപ്പെടുത്തലുകളും നിരാശയും ചേര്‍ന്ന് ഹൃദയഭേദകവുമായിരുന്നു കുറിപ്പുകള്‍. ഒപ്പം രാജേഷ് വിശ്വാസ് എന്നയാളുടെ പേരും മൊബൈൽ നമ്പറും ഉണ്ടായിരുന്നു. നേഹയുടേയും രാജിന്‍റെയും ദാമ്പത്യ ജീവിതത്തില്‍ കുഴപ്പങ്ങളുണ്ടാകാന്‍ ഇയാളാണ് കാരണം എന്ന് കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിലും ചുമരുകളിലെഴുതിയ അതേകാര്യം തന്നെയാണ് പറയുന്നത്. ഒരു വരിയിൽ ‘രാജേഷ് വിശ്വാസ് കാരണം ഞങ്ങൾ മരിക്കുന്നു’ എന്നെഴുതിയിട്ടുണ്ട്. മറ്റൊന്നില്‍ കുട്ടികളോടുള്ള സ്നേഹവും വ്യക്തമാണ്.
നേഹയുടെ ഫോണ്‍ വിളികളെ ചൊല്ലി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും രാജിന് നേഹയില്‍ സംശയമുണ്ടായിരുന്നതായും ഈ കുറിപ്പുകളില്‍ നിന്നും വ്യക്തമാണ്. ഇരുവരും തമ്മില്‍ തർക്കങ്ങൾ പതിവാണെന്ന് അയൽക്കാരും പറയുന്നുണ്ട്. നേഹയുടെ കഴുത്തിൽ കണ്ടെത്തിയ പാടുകളില്‍ നിന്നാണ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രാജ് നേഹയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന് പൊലീസ് അനുമാനിക്കുന്നത്. സംഭവത്തില്‍ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാജിന്‍റേതും നേഹയുടേതും പ്രണയവിവാഹമായിരുന്നു. പത്ത് വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ കമ്പനിയിൽ ക്ലീനർമാരായാണ് ഇരുവരും ജോലി ചെയ്തിരുന്നത്.