പിതാവിനെ കൊന്നതിന്‍റെ പ്രതികാരമായി അങ്കമാലിയിൽ കെഎസ്ആർടിസി ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തി  മുൻ ബിഎസ്എഫ് ഉദ്യോഗസ്ഥൻ. മഞ്ഞപ്ര സ്വദേശി സി.വി. ജോസാണ് കൊല്ലപ്പെട്ടത്. എട്ട് വർഷം മുൻപുള്ള പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് കൊലപാതകമെന്ന് പ്രതി മൊഴി നൽകി. കൃത്യത്തിന് ശേഷം പ്രതി പോളി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

വീടിന് സമീപമുള്ള തോട്ടിൽ കുളിച്ചുകൊണ്ടിരുന്ന ജോസിന് നേരെ മൂന്ന് തവണയാണ് വെടിവെച്ചത് . മകന്‍റെ കൺമുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. 2018-ൽ പോളിയുടെ പിതാവ് കൊല്ലപ്പെട്ട കേസിൽ ജോസ് പ്രതിയായിരുന്നു. എന്നാൽ കോടതി, ജോസിനെ കൊലപാതകക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് പോളിയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. 

ജോസ് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പോളി സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ​ബിഎസ്എഫിൽ നിന്ന് വിരമിച്ച ശേഷം ഒരു സ്വകാര്യ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു പോളി. ജോലി ആവശ്യത്തിനായി കൈവശം വെച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

ENGLISH SUMMARY:

An ex-BSF officer in Angamaly shot and killed a KSRTC driver as an act of revenge for his father's death eight years ago. The accused surrendered to the police after confirming the driver's death.