AI Generated Image
ലൈംഗികാരോഗ്യം വര്‍ധിപ്പിക്കാന്‍ വഴിയരികില്‍ കണ്ട വ്യാജ ആയുര്‍വേദ വൈദ്യനെ സമീപിച്ച യുവാവിന് നഷ്ടം 48 ലക്ഷം രൂപ. ബെംഗളൂരുവിലാണ് സംഭവം. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവാണ് റോഡരികില്‍ ടെന്‍റ് കെട്ടി ചികില്‍സിക്കുന്ന വ്യാജ വൈദ്യന്‍റെ അടുത്ത് തന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ചെന്നത്. എന്നാല്‍ പണവും വൃക്കയും പോയതല്ലാതെ മറ്റൊരു മാറ്റവുമുണ്ടായില്ലെന്ന് യുവാവ് വെളിപ്പെടുത്തി. തട്ടിപ്പ് ബോധ്യമായതിനെ തുടര്‍ന്ന് യുവാവ് പൊലീസിൽ പരാതി നൽകി.
2023-ലായിരുന്നു യുവാവിന്‍റെ വിവാഹം. പിന്നാലെ ഇദ്ദേഹത്തിന് ലൈംഗികാരോഗ്യ പ്രശ്നങ്ങളുണ്ടായി. ആദ്യം ബെംഗളൂരുവിനടുത്തുള്ള കെങ്കേരിയിലെ ഒരു മൾട്ടി സ്പെഷല്‍റ്റി ക്ലിനിക്കിൽ യുവാവ് ചികില്‍സ തേടിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മെയ് 3ന്, കെഎൽഇ ലോ കോളജിന് സമീപം, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം എന്നെഴുതിയ ബോര്‍ഡുമായി റോഡരികില്‍ ഇരിക്കുന്ന ആയുര്‍വേദ വൈദ്യനെ യുവാവ് കണ്ടത്. 'വിജയ് ഗുരുജി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഈ വൈദ്യന്‍, താന്‍ നല്‍കുന്ന അപൂര്‍വ ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാല്‍ യുവാവിന്‍റെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
യശ്വന്ത്പൂരിലെ വിജയലക്ഷ്മി ആയുർവേദിക് സ്റ്റോറിൽ നിന്ന് 'ദേവരാജ് ബൂട്ടി' എന്ന ഉൽപ്പന്നം വാങ്ങാനും ഈ 'ഗുരുജി' യുവാവിനോട് പറഞ്ഞു. ഈ ബൂട്ടി ഹരിദ്വാറിൽ നിന്ന് പ്രത്യേകമായി കൊണ്ടുവന്നതാണെന്നും ഒരു ഗ്രാമിന് 1.6 ലക്ഷം രൂപ വിലവരുന്നതാണെന്നും ഇയാൾ അവകാശപ്പെട്ടു. ഒപ്പം ഇത് വാങ്ങാനായി പോകുമ്പോൾ കൂടെ ആരെയും കൂട്ടരുതെന്നും പണം നോട്ടുകളായി തന്നെ നൽകണമെന്നും ആവശ്യപ്പെട്ടു. പലപ്പോഴായി ഇത്തരത്തിലെ പല മരുന്നുകള്‍ വാങ്ങാന്‍ വൈദ്യന്‍ യുവാവിനോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. രോഗം മാറുമെന്ന് വിശ്വസിച്ച യുവാവ് ഭാര്യയിൽ നിന്നും മറ്റു പലരില്‍ നിന്നായും പണം കടം വാങ്ങിയും ലോണെടുത്തും പറഞ്ഞ മരുന്നുകളെല്ലാം വാങ്ങുകയും ചെയ്തു. അങ്ങനെ 48 ലക്ഷം രൂപ യുവാവിന് ചെലവായി. എന്നാൽ, അസുഖത്തിന് യാതൊരു മാറ്റവുമുണ്ടായില്ലെന്ന് മാത്രമല്ല, ആരോഗ്യ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ അലട്ടാനും തുടങ്ങി. ഒടുവിൽ ഇത് തട്ടിപ്പാണ് മനസിലാക്കിയ യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, വാർത്ത പുറത്ത് വന്നതോടെ യുവാവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ വൈദ്യന്‍റെ വാക്ക് കേട്ട് 48 ലക്ഷം രൂപ ചെലവാക്കണമെങ്കില്‍ എത്രത്തോളം ബോധമുണ്ട്, വിദ്യാഭ്യാസം മാത്രം പോരാ കാര്യങ്ങള്‍ മനസിലാക്കാനുള്ള കഴിവും വേണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിക്കുന്നത്.