Image credit:AP
ഇത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നുള്ള കരിമേഘപടലം ഇന്ത്യയുടെ ആകാശത്തും പടര്‍ന്നതോടെ വ്യോമഗതാഗതത്തെ ബാധിച്ചു. കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചിലത് വഴി തിരിച്ചുവിട്ടു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം സൗകര്യം യാത്രക്കാർക്ക് നൽകുമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു.
Image Credit: AP
ഇന്നലെ രാത്രിയോടെയാണ് രാജസ്ഥാന്‍റെ ആകാശത്ത് കരിമേഘപടലം എത്തിയത്. ഇത് ഹരിയാന, ഡൽഹി, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയും ബാധിച്ചേക്കുമെന്നാണ് കരുതുന്നത്. ഏകദേശം 25,000 മുതൽ 45,000 അടി ഉയരത്തിലാണ് കരിമേഘപടലമുള്ളത്. മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വേഗത്തിലാണ് പടലം നീങ്ങുന്നത്. വ്യോമഗതാഗതത്തിന് ഭീഷണിയാകാമെന്നതിനാൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ വിമാനക്കമ്പനികൾക്ക് സുരക്ഷാനിർദേശം നൽകിക്കഴിഞ്ഞു. കരിമേഘപടലം കണക്കിലെടുത്ത് ഇന്ധനം, റൂട്ട്, ഉയരം എന്നിവയിൽ പ്ലാനിങ് നടത്തണം. എൻജിൻ തകരാറിനും കരിമേഘ പടലം കാരണമായേക്കാം.
ഞായറാഴ്ച പുലര്‍ച്ചെയാണ് ഇത്യോപ്യയിലെ അഫാര്‍ പ്രദേശത്തുള്ള ഹയ്ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഹയ്ലി ഗബ്ബി തീ തുപ്പുന്നത്. ഇതോടെ അയല്‍ഗ്രാമമായ അഫ്ഡേറ ചാരപ്പുകയിലും പൊടിയിലും മുങ്ങി. ചെങ്കടല്‍, യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് വലിയ കരിമേഘപടലങ്ങളുമെത്തി. നിലവില്‍ അറബിക്കടലിന്‍റെ വടക്കുഭാഗത്തായാണ് കരിമേഘപടലം നില്‍ക്കുന്നത്. എത്റ, അഫ്ഡേറ നഗരങ്ങളില്‍ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ഭാഗമായുള്ള ചെറു ചലനങ്ങളും അനുഭവപ്പെട്ടു.