india-china-2
  • ഇന്ത്യന്‍ വനിതയെ ചൈനീസ് വിമാനത്താവളത്തില്‍ തടഞ്ഞു
  • തടഞ്ഞുവച്ചത് പാസ്പോര്‍ട്ട് അസാധുവെന്ന് പറഞ്ഞ്
  • അരുണാചല്‍ സ്വദേശിയെയാണ് തടഞ്ഞുവച്ചത്

ഇന്ത്യന്‍ യുവതി‌‌യെ ചൈനയിലെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതില്‍ ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അരുണാചല്‍ പ്രദേശില്‍നിന്നുള്ള യുവതിയെ തടഞ്ഞതിലാണ് പ്രതിഷേധം. അരുണാചല്‍ പ്രദേശിനെ തര്‍ക്കപ്രദേശമായി കണക്കാക്കുന്ന ചൈനയെ ശക്തമായ പ്രതിഷേധം അറിയിച്ചെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 

അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പാസ്പോര്‍ട്ട് അസാധുവാണെന്ന് പറഞ്ഞായിരുന്നു അരുണാചലില്‍നിന്നുള്ള യുവതിയെ ഷാങ്ഹായി വിമാന താവളത്തില്‍ തടഞ്ഞുവച്ചത്. ഈമാസം 21ന് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ട്രാന്‍സിറ്റ് ഹാള്‍ട്ടിലാണ് അരുണാചില്‍നിന്നുള്ള യുവതിക്ക് ദുരനുഭവം നേരിട്ടത്.

ചൈനീസ് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി. യുകെയില്‍ താമസിക്കുന്ന പ്രേമ വാങ്‌ജോം തോങ്‌ഡോക് എന്ന സ്ത്രീയാണ് ദുരനുഭവം വെളിപ്പെടുത്തിയത്. 2025 നവംബർ 21-ന് ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തിൽ ട്രാൻസിറ്റ് യാത്രയ്ക്കിടെയാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയതെന്ന് യുവതി എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. 

ഇമിഗ്രേഷന്‍ കഴിഞ്ഞ് പാസ്‌പോര്‍ട്ട് സമര്‍പ്പിച്ച് സെക്യൂരിറ്റിയില്‍ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ഉദ്യോഗസ്ഥന്‍ വന്ന് തന്റെ പേര് പറഞ്ഞ് 'ഇന്ത്യ, ഇന്ത്യ' എന്ന് അലറാന്‍ തുടങ്ങിയത്. തന്നെ ഇമിഗ്രേഷന്‍ ഡെസ്‌കിലേക്ക് കൊണ്ടുപോയി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് പരിശോധിച്ചപ്പോള്‍ ജന്മസ്ഥലം അരുണാചൽ പ്രദേശ് എന്നായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ അത് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാനാണ് നിർദേശിച്ചതെന്നും പ്രേമ ആരോപിച്ചു. തന്നെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്​തു. 

18 മണിക്കൂർ തന്നെ തടങ്കലിലാക്കി. കൃത്യമായ ഭക്ഷണമോ മറ്റ് വിവരങ്ങളോ നൽകിയില്ല. വിമാനത്താവളത്തിലെ സൗകര്യങ്ങൾ ഉപയോഗിക്കാനോ പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനോ അനുവദിച്ചില്ല. ചൈന ഈസ്റ്റേൺ എയർലൈൻസിൽ തന്നെ ടിക്കറ്റ് എടുക്കാൻ നിർബന്ധിച്ചു, സംഭവം ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും പ്രേമ കൂട്ടിച്ചേര്‍ത്തു. മണിക്കൂറുകളോളം കടുത്ത മാനസിക സമ്മര്‍ദമാണ് വിമാനത്താവളത്തില്‍ വച്ച് യുവതിക്ക് നേരിടേണ്ടി വന്നത്. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിലാണ് പ്രേമ മോചിതയായത്. ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. 

ENGLISH SUMMARY:

India has strongly protested after a woman from Arunachal Pradesh was detained for 18 hours at a Shanghai airport, allegedly over an "invalid passport." The Ministry of External Affairs asserted that Arunachal Pradesh is an integral part of India and raised a strong objection to China’s actions. The incident occurred during the woman’s transit halt while travelling from London to Japan.