ഡൽഹി ഇന്ത്യാ ഗേറ്റിലെ വായു മലിനീകരണത്തിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് മലയാളികളടക്കം 22 വിദ്യാർഥികൾ റിമാന്‍ഡില്‍. പ്രതിഷേധത്തിനിടെ ഒരു വിഭാഗം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ഹിദ്മയുടെ ചിത്രം ഉയര്‍ത്തിയതിലും മുദ്രാവാക്യം വിളിച്ചതിലും വിവാദം. പൊലീസ് കസ്റ്റഡിയില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം ഏറ്റതായി അഭിഭാഷകര്‍ ആരോപിച്ചു.
ഇന്ത്യാ ഗേറ്റിലെ വായുമലിനീകരണത്തിനെതിരായ പ്രതിഷേധത്തിൽ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത 22 പേരെയാണ് പട്യാല ഹൗസ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കര്‍ത്തവ്യപഥ് പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചുപേരെ രണ്ട് ദിവസത്തെ കസ്റ്റഡിയിലും പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് അറസ്റ്റ് ചെയ്ത 16 പേരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലും വിട്ടു. പ്രായപൂര്‍ത്തിയായില്ലെന്ന സംശയത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ഥിയെ സംരക്ഷണാലയത്തിലേക്ക് മാറ്റി.
മലപ്പുറം, തൃശൂര്‍ സ്വദേശികളായ രണ്ടുപേരടക്കം മൂന്ന് മലയാളി വിദ്യാര്‍ഥികളും റിമാന്‍ഡിലാണ്. അതിനിടെ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം സുരക്ഷാസേന കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് ഹിദ്മയുടെ ചിത്രം ഉയര്‍ത്തിയതും മുദ്രാവാക്യം വിളിച്ചതും വന്‍ വിവാദമായി. വായുമലിനീകരണത്തിനെതിരായ പ്രതിഷേധം മാവോയിസ്റ്റ് അനുകൂലമായതില്‍ ബിജെപിയും പ്രതിഷേധം അറിയിച്ചു. റിമാന്‍ഡിലായവരില്‍ 12 പേര്‍ വിദ്യാര്‍ഥിനികളാണ്. കോടതി പരിസരത്ത് വച്ചും പൊലീസ് വാനിനുള്ളില്‍ കൈ കൊണ്ടടിച്ചും റിമാന്‍ഡിലായ വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചു.
പൊലീസ് ചില വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു. അതിനിടെ, അറസ്റ്റിലായ വിദ്യാർഥികൾ മുളകുപൊടി സ്പ്രേ പ്രയോഗിച്ചെന്ന് പൊലീസ് അറിയിച്ചു. നിയമ ലംഘനത്തിനാണ് നടപടിയെന്നും ഡിസിപി ദേവേഷ് കുമാർ മഹ്ല പറഞ്ഞു. മാവോയിസ്റ്റ് അനുകൂലികൾ ഉണ്ടെന്നറിയാതെയാണ് പല വിദ്യാർഥികളും സമരത്തിന്റെ ഭാഗമായതെന്നാണ് വിവരം. ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന കൂട്ടായ്മയുടെ പേരിലായിരുന്നു ഇന്ത്യ ഗേറ്റിലെ പ്രതിഷേധം.