ഡല്‍ഹി സ്ഫോടനത്തെ തുടര്‍ന്ന് സംശയ നിഴലിലായ അല്‍ ഫലാഹ് സര്‍വകലാശാലയുടെ ചെയര്‍മാനെ ന്യായീകരിച്ച് ജാമിയത് ഉലമ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി നടത്തിയ പരാമര്‍ശം വന്‍ വിവാദമാകുന്നു. പരാമര്‍ശത്തിനെതിരെ ബി.ജെ.പിയും ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷനും രംഗത്തെത്തി. കോണ്‍ഗ്രസ് അര്‍ഷദ് മദനിയെ പിന്തുണച്ചു.
ഇന്ത്യയിലെ മുസ്‌ലിംകള്‍ കടുത്ത വിവേചനം നേരിടുന്നു എന്ന് സ്ഥാപിക്കാനായി അര്‍ഷദ് മദനി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. അമേരിക്കയിലും ബ്രിട്ടനിലും മുസ്‌ലിംകള്‍ക്ക് മേയര്‍ സ്ഥാനംവരെ ലഭിക്കുന്നു. ഇന്ത്യയില്‍ ഒരു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ആയാല്‍ പോലും ജയിലില്‍ പോകേണ്ട അവസ്ഥയാണ്. അല്‍ഫലാഹ് ഗ്രൂപ് ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖി ഇനി എത്രകാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് അറിയില്ലെന്നും അര്‍ഷദ് മദനി പറഞ്ഞു.
പരാമര്‍ശം ഏറ്റെടുത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ഭീകരവാദത്തോട് സന്ധി പാടില്ല എന്നതില്‍ തര്‍ക്കമില്ല. അതിന്‍റെ പേരില്‍ അല്‍ ഫലാഹ് സര്‍വകലാശാലയെ ഉന്നമിടുന്നത് അംഗീകരിക്കാനാവില്ലെന്നു പാര്‍ട്ടി നേതാവ് ഉദിത് രാജ് പറഞ്ഞു,. തീര്‍ത്തും നിരുത്തരവാദപരമായ പരാമര്‍ശമാണ് അര്‍ഷദ് മദനിയുടേത് എന്നും രാജ്യത്തെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമമെന്നും ബി.ജെ.പി വക്താവ് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വോട്ട് ബാങ്കിനായി ഭീകരരെ പിന്തുണയ്ക്കുകയാണെന്ന് പ്രദീപ് ഭണ്ഡാരിയും വിമര്‍ശിച്ചു. അര്‍ഷദ് മദനിയുടെ പ്രസ്താവന രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ ഡോ. ഇമാം ഉമര്‍ അഹമ്മദ് ഇല്ല്യാസി പ്രതികരിച്ചു.