കേന്ദ്രസര്‍ക്കാരില്‍നിന്ന് സമ്മര്‍ദം നേരിടേണ്ടി വന്നിട്ടില്ലെന്ന് വിരമിക്കല്‍ ദിനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും ഗവായ് വ്യക്തമാക്കി.
ഭരണഘടനയില്‍ ഇല്ലാത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രപതിയുടെ റഫന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തോട് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ മറുപടി. ബില്ലുകള്‍ അംഗീകരിക്കാന്‍ സമയപരിധി നിശ്ചയിക്കാൻ സാധിക്കില്ല. എന്നാല്‍ കാലതാമസമുണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ഗവായ് വ്യക്തമാക്കി. തന്‍റെ കാലയളവില്‍ വനിതാ ജഡ്ജിയെ ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. വിരമിച്ചതിനുശേഷം ഒരു നിയമനവും സ്വീകരിക്കില്ലെന്ന കാര്യവും ആവര്‍ത്തിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്കുവേണ്ടി സമയം ചെലവഴിക്കും. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരില്‍നിന്ന് സമ്മര്‍ദമുണ്ടായിട്ടില്ല. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നിയമം ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വസതിയില്‍ എത്തുമോ എന്ന് ചോദ്യത്തോട് ‘നോ കമന്‍റ്സ്’എന്നായിരുന്നു ഗവായിയുടെ മറുപടി. ജുഡീഷ്യറിയില്‍ സ്വജനപക്ഷപാതമില്ല. എങ്കിലും കുടുംബത്തിലെ ആളുകള്‍ വരുന്നത് യാഥാര്‍ഥ്യം. യോഗ്യതയുള്ളവരാണേല്‍ അവരെ എങ്ങനെ ഉപേക്ഷിക്കുമെന്നും ഗവായ് ചോദിച്ചു. ഗുജറാത്തുകാരനായ ജസ്റ്റിസ് വിപുൽ പഞ്ചോളിക്ക് സ്ഥാനക്കയറ്റം നല്‍കിയതിലും ഇതാദ്യമായി ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം. കൊളീജിയത്തിൽ ജസ്റ്റിസ് ബി.വി.നാഗരത്നയുടെ വിയോജിപ്പ് അദ്ഭുതപ്പെടുത്തുന്നില്ല. മറ്റ് നാല് ജഡ്ജിമാര്‍മാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഇതോടെ ഒരാളുടെ വിയോജിപ്പിന് അര്‍ഹതയില്ലെന്നും ഗവായ് പറഞ്ഞു.