madurai-karthigai-deepam-dispute

തമിഴ്നാട് മധുരയിലെ തിരുപ്പറങ്കുണ്ട്രം കാർത്തിക ദീപം വിവാദത്തിൽ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. സർക്കാർ സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഈ നടപടി. കാർത്തിക ദീപം ചടങ്ങിന്റെ ഭാഗമായി തിരുപ്പറങ്കുണ്ട്രം മലമുകളിൽ ദീപം തെളിക്കാൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഭാരവാഹികൾക്ക് നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അനുകൂല ഉത്തരവ് നൽകിയിരുന്നു. 

3-ന് വൈകീട്ട് 6 മണിക്ക് മുമ്പ് ദീപം തെളിക്കാൻ ആയിരുന്നു നിർദേശം. എന്നാൽ കീഴ്‌വഴക്ക പ്രകാരം മലയ്ക്ക് താഴെ ദീപം തെളിക്കാം എന്നും ദർഗ കൂടി നിലനിൽക്കുന്ന മലയുടെ മുകളിൽ ദീപം തെളിക്കുന്നത് അനുവദിക്കാൻ ആകില്ല എന്നുമായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. ഇതിനെതിരെ പരാതിക്കാർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 10 പേരടങ്ങുന്ന സംഘത്തിന് മലമുകളിൽ പോയി ദീപം തെളിക്കാൻ ജഡ്ജി അനുമതി നൽകി. എന്നാൽ വൻ ജനക്കൂട്ടത്തിൻ്റെ അകമ്പടിയോടെ ദീപം തെളിക്കാൻ എത്തിയ സംഘത്തെ പൊലീസ് തടഞ്ഞു. 

തുടർന്ന്, പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ ജനക്കൂട്ടം പൊലീസുമായി ഏറ്റുമുട്ടി. പിന്നാലെ മധുര കലക്ടർ, പോലീസ് കമ്മീഷണർ എന്നിവർക്കെതിരെ ജസ്റ്റിസ് സ്വാമിനാഥൻ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ അധികൃതർ സമീപിച്ചു. കോടതി അലക്ഷ്യ കേസ് റദ്ദാക്കണം എന്ന ആവശ്യം ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ തുടർന്ന് കോടതി അലക്ഷ്യകേസ് പരിഗണിച്ച ജസ്റ്റിസ് സ്വാമിനാഥൻ ഇന്നലെ തന്നെ ദീപം തെളിയിക്കാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ദീപം തെളിക്കാൻ എത്തിയ സംഘത്തെ മലമുകളിലേക്ക് പോകാൻ പോലീസ് അനുവദിച്ചില്ല.

ENGLISH SUMMARY:

Karthigai Deepam dispute in Madurai's Thiruparankundram leads to court hearing postponement. The Madras High Court Madurai Bench has adjourned the case to Tuesday, following the government's appeal to the Supreme Court.