വിദ്യാര്‍ഥിനിക്ക് നേരെ കൊലവിളിയുമായി എത്തുന്ന പ്രധാന അധ്യാപികയുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. 'നിന്നെ ഞാന്‍ കൊല്ലും' എന്ന് പറഞ്ഞ് കൊലവിളിയുമായി ഒന്‍പതാം ക്ലാസുകാരിക്ക് നേരെ പാഞ്ഞടുക്കുന്ന അധ്യാപികയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പിൽഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.
സുഹൃത്തിനൊപ്പം ക്ലാസ്മുറിക്ക് പുറത്തുനിന്നിരുന്ന വിദ്യാര്‍ഥിയോട് അവിടെ നിന്നും മാറാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട ഒരു വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ 'നിന്നെ ഞാന്‍ കൊല്ലും' എന്ന് വിദ്യാര്‍ഥിയോട് ആക്രോശിക്കുന്ന പ്രിന്‍സിപ്പലിനെ കാണാം. അനിയന്ത്രിതമായ ദേഷ്യം കാരണം പരിസരം മറന്ന് ഇവര്‍ പെരുമാറുന്നുണ്ട്. ഈ സംഭവത്തിന് ശേഷം മാനസികമായി മകള്‍ തകര്‍ന്നെന്നും സ്കൂളിലേക്ക് പോകാന്‍ അവള്‍ക്ക് പേടിയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.
വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. ഇത്തരം അധ്യാപകര്‍ ഉള്ളിടത്ത് വിദ്യാര്‍ഥികള്‍ സുരക്ഷിതരാണോ, സംസ്കാരവും മര്യാദയും പഠിക്കേണ്ടത് വിദ്യാലയങ്ങളില്‍ നിന്നാണ് ഇത്തരം അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികള്‍ എങ്ങനെയാണ് അത്തരം കാര്യങ്ങള്‍ പഠിക്കുക എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.