രാജ്യത്തെ സ്വാധീനിച്ച നിർണായക വിധിന്യായങ്ങൾക്കൊടുവിൽ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നാളെ സുപ്രീം കോടതിയുടെ പടിയിറങ്ങുന്നു. ബുള്ഡോസർ രാജ് അവസാനിപ്പിച്ചതും വഖഫ് നിയമത്തിലെ വ്യവസ്ഥകൾ സ്റ്റേ ചെയ്തതും മുതൽ രാഷ്ട്രപതിയുടെ റഫറൻസിനുള്ള മറുപടി വരെ ഗവായിയെ ശ്രദ്ധേയനാക്കി. ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേയക്കും.
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ഭൂഷൺ രാമകൃഷ്ണ ഗവായ് സത്യപ്രതിജ്ഞ ചെയ്തത് ആറു മാസം മുമ്പ്. ഇന്ത്യൻ ജുഡീഷ്യറിയുടെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമതക്കാരൻ. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനുശേഷം ദളിത് വിഭാഗത്തിൽനിന്ന് രണ്ടാമത്തെ ചീഫ് ജസ്റ്റിസ്. ഈ വിശേഷണങ്ങൾക്കപ്പുറം ഇന്ത്യ കാതോർത്ത സുപ്രധാന വിധിന്യായങ്ങൾ ഇന്ന് ജസ്റ്റിസ് ഗവായിയെ അടയാളപ്പെടുത്തുന്നു. രാഷ്ട്രപതിയുടെ റഫറൻസിന് മറുപടി, വഖഫ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾക്ക് സ്റ്റേ, ട്രൈബ്യൂണൽ പരിഷ്കാര ചട്ടം റദ്ദാക്കി. പരിസ്ഥിതിക്ക് കാവലായ ഒട്ടേറെ വിധികൾ.
അധികാരത്തിന്റെ ബുൾഡോസർ രാജിന് തടയിട്ട് ശക്തമായ താക്കീതുനൽകി ഗവായ്. എസ്.സി,എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം നൽകിയ ബെഞ്ചിൽ അംഗം. നോട്ട് നിരോധനം, ഇലക്ടറൽ ബോണ്ട്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങി നിർണായക വിധികളിൽ പങ്കാളി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി രണ്ട് പതിറ്റാണ്ടിനിടെ 400-ലധികം വിധിന്യായങ്ങൾ. വിവാദ പരാമർശത്തിന്റെ പേരിൽ തനിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകനെതിരെ സഹപ്രവര്ത്തകരടക്കം നടപടിയാവശ്യപ്പെട്ടപ്പോളും ഗവായ് മാപ്പു നൽകി. ന്യായാധിപ പദവി അധികാര കസേരയല്ലെന്ന് ഓർമിപ്പിച്ചാണ് ഗവായ് പടിയിറങ്ങുന്നത്.