• ഗവര്‍ണര്‍ ബില്ലുകള്‍ വൈകിപ്പിക്കരുത്
  • സമയപരിധി നിശ്ചയിക്കാതെ കോടതി
  • ബില്ലുകള്‍ അംഗീകരിക്കാനുള്ള അവകാശം ഗവര്‍ണര്‍ക്ക് മാത്രം

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അകാരണമായി അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ? ഇല്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി പറഞ്ഞു. എന്നാല്‍ ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാനും ബില്ലുകള്‍ക്ക് അനുമതി നല്‍കാനും സുപ്രീംകോടതി ഉള്‍പ്പെടെ മറ്റാര്‍ക്കും അവകാശമില്ലെന്നും ഭരണഘടനാബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ യഥാര്‍ഥ അധികാരകേന്ദ്രം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോരിലാണ് സുപ്രീംകോടതി വ്യക്തത വരുത്തിയത്. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള സുപ്രീംകോടതിയുടെ മറുപടിയെ ഇരുഭാഗവും സ്വാഗതം ചെയ്തു.

എങ്ങനെയാണ് ഈ കേസ് സുപ്രീം കോടതിയില്‍ എത്തിയത്?

നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ അകാരണമായി തടഞ്ഞുവച്ചത് ചോദ്യംചെയ്ത് തമിഴ്നാടാണ് ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച രണ്ടംഗബെഞ്ച് ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി വച്ചു. മാത്രമല്ല തമിഴ്നാട് ഗവര്‍ണര്‍ പിടിച്ചുവച്ച 10 ബില്ലുകള്‍ക്കും അനുമതി നല്‍കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി മുഖേന സുപ്രീംകോടതിക്ക് റഫറന്‍സ് അയച്ചത്. കേരളം, ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ തമിഴ്നാടിനൊപ്പം കക്ഷിചേര്‍ന്നു. മഹാരാഷ്ട്രയും ഛത്തീസ്ഗഡും കേന്ദ്രത്തോടൊപ്പവും. ചീഫ് ജസ്റ്റിസ് ബി.എസ്.ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് പത്തുദിവസം വാദം കേട്ടശേഷമാണ് വിശദമായ മറുപടി നല്‍കിയത്.

എന്തൊക്കെയാണ് രാഷ്ട്രപതിയുടെ ചോദ്യങ്ങളും അവയ്ക്ക് സുപ്രീംകോടതിയുടെ ഉത്തരങ്ങളും?

ചോദ്യം 1: നിയമസഭ പാസാക്കിയ ബില്‍ മുന്നില്‍ വരുമ്പോള്‍ അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് മുന്നിലുള്ള സാധ്യതകള്‍ എന്തെല്ലാമാണ്?

സുപ്രീംകോടതി: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അകാരണമായി അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല. നിയമസഭ പാസാക്കിയ ബില്‍ മന്ത്രിസഭ കൈമാറിയാല്‍ അത് അംഗീകരിക്കുകയോ തിരിച്ചയക്കുകയോ രാഷ്ട്രപതിക്ക് കൈമാറുകയോ ചെയ്യാം. ഈ മൂന്ന് കാര്യങ്ങളില്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനല്ല. പക്ഷേ ബില്ലുകളില്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല.  ഭരണഘടനയുടെ അനുച്ഛേദം 200 അത്തരമൊരു ഒപ്ഷന്‍ നല്‍കുന്നില്ല.

ചോദ്യം 2: അനുച്ഛേദം 200 അനുസരിച്ചുള്ള സാധ്യതകള്‍ ഗവര്‍ണര്‍ ഉപയോഗിക്കുമ്പോള്‍ മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണം എന്ന് നിര്‍ബന്ധമുണ്ടോ?

സുപ്രീംകോടതി: ബില്ലുകള്‍ പരിഗണിക്കാന്‍ ഭരണഘടന നല്‍കിയിട്ടുള്ള മൂന്ന് സാധ്യതകള്‍ (അംഗീകരിക്കുക, തിരിച്ചയക്കുക, രാഷ്ട്രപതിക്ക് കൈമാറുക) ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ല. ഈ മൂന്ന് സാധ്യതകളില്‍ ഏതും തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ട്.

ചോദ്യം 3: അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യാന്‍ കഴിയുമോ?

സുപ്രീംകോടതി: അനുച്ഛേദം 200 അനുസരിച്ചുള്ള ഗവര്‍ണറുടെ നടപടികള്‍ കോടതികളില്‍ ചോദ്യംചെയ്യാനാവില്ല. അത്തരം തീരുമാനങ്ങളുടെ വസ്തുതകളിലേക്കും കാരണങ്ങളിലേക്കും കടക്കാനും കോടതികള്‍ക്ക് അനുവാദമില്ല. എന്നാല്‍ പരിഗണനയ്ക്ക് വരുന്ന ബില്ലുകള്‍ പ്രകടനമായ രീതിയില്‍ നീട്ടിക്കൊണ്ടുപോകുകയോ അകാരണമായി വച്ചുതാമസിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ ന്യായമായ ഒരു സമയപരിധിക്കുള്ളില്‍ ഭരണഘടനാപരമായ ചുമതല നിറവേറ്റാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാന്‍ കോടതിക്ക് കഴിയും. അത്തരം നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും ഗവര്‍ണറുടെ നിലപാടിന്‍റെ മെറിറ്റിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പാടില്ല.

ചോദ്യം 4: അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതിന് അനുച്ഛേദം 361 (രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിയമനടപടികളില്‍ നിന്നുള്ള സംരക്ഷണം) വിലങ്ങുതടിയാണോ?

ഗവര്‍ണര്‍മാരെ വ്യക്തിപരമായി കോടതികളിലേക്ക് വലിച്ചിഴയ്ക്കുന്നത് അനുച്ഛേദം 361 പൂര്‍ണമായി വിലക്കുന്നുണ്ട്. എന്നാല്‍ അനുച്ഛേദം 200 അനുസരിച്ചുള്ള ചുമതല നിറവേറ്റുന്നതില്‍ നിന്ന് ഗവര്‍ണര്‍മാര്‍ വിട്ടുനിന്നാല്‍ അതില്‍ ഇടപെടാന്‍ കോടതിക്ക് നിയന്ത്രിതമായ അധികാരമുണ്ട്. ഗവര്‍ണര്‍ക്ക് നിയമനടപടികളില്‍ നിന്ന് വ്യക്തിപരമായ പരിരക്ഷയുണ്ട്. പക്ഷേ ഗവര്‍ണര്‍ എന്ന ഭരണഘടനാസ്ഥാപനം സുപ്രീംകോടതിയുടെ അധികാരപരിധിക്ക് വിധേയമാണ്.

ചോദ്യം 5: ഗവര്‍ണര്‍മാര്‍ അനുച്ഛേദം 200 അനുസരിച്ചുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഭരണഘടന സമയപരിധി വച്ചിട്ടില്ല. അത്തരം സാഹചര്യങ്ങളില്‍ കോടതി ഉത്തരവിലൂടെ അനുച്ഛേദം 200 പ്രകാരമുള്ള ചുമതലകള്‍ നിറവേറ്റാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ?

സുപ്രീംകോടതി: ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കോടതികള്‍ നേരിട്ട് സമയപരിധി വയ്ക്കുന്നതും അനുച്ഛേദം 200 നടപ്പാക്കാന്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഉചിതമല്ല.

ചോദ്യം 6: അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങള്‍ കോടതികളില്‍ ചോദ്യംചെയ്യാന്‍ കഴിയുമോ?

സുപ്രീംകോടതി: അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പോലെ തന്നെ അനുച്ഛേദം 201 അനുസരിച്ച് രാഷ്ട്രപതി എടുക്കുന്ന തീരുമാനങ്ങളും കോടതികളില്‍ ചോദ്യംചെയ്യാനാവില്ല.

ചോദ്യം 7: രാഷ്ട്രപതി അനുച്ഛേദം 201 അനുസരിച്ചുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഭരണഘടന സമയപരിധി വച്ചിട്ടില്ല. അത്തരം സാഹചര്യങ്ങളില്‍ കോടതി ഉത്തരവിലൂടെ അനുച്ഛേദം 201 പ്രകാരമുള്ള ചുമതലകള്‍ നിറവേറ്റാന്‍ സമയപരിധി നിശ്ചയിക്കാനാകുമോ?

സുപ്രീംകോടതി: ഭരണഘടന സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കോടതികള്‍ നേരിട്ട് സമയപരിധി വയ്ക്കുന്നതും അനുച്ഛേദം 200 നടപ്പാക്കാന്‍ അത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതും ഉചിതമല്ല.

ചോദ്യം 8: ഓരോതവണയും ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ റഫര്‍ ചെയ്യുമ്പോള്‍ രാഷ്ട്രപതി റഫറന്‍സ് വഴി സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടേണ്ടതില്ല. വസ്തുനിഷ്ഠവും വ്യക്തിപരവുമായ സംതൃപ്തി ധാരാളമാണ്. എന്നാല്‍ ഏതെങ്കിലും കാര്യത്തില്‍ വ്യക്തത ആവശ്യമെങ്കില്‍ രാഷ്ട്രപതിക്ക് അനുച്ഛേദം 143 പ്രകാരം റഫറന്‍സ് വഴി സുപ്രീംകോടതിയുടെ അഭിപ്രായം ആരായാം.

ചോദ്യം 9: നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ തീരുമാനങ്ങളും നടപടികളും കോടതികളില്‍ ചോദ്യംചെയ്യാന്‍ കഴിയുമോ? അത്തരം ബില്ലുകളുടെ ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കാന്‍ കോടതിക്ക് അധികാരമുണ്ടോ?

സുപ്രീംകോടതി: നിയമം നടപ്പാകുന്നതിന് മുന്‍പുള്ള ഒരുഘട്ടത്തിലും ഗവര്‍ണറോ രാഷ്ട്രപതിയോ ബില്ലിന്മേല്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും നടപടികളും കോടതികളില്‍ ചോദ്യംചെയ്യാനാവില്ല. ബില്ലിന്‍റെ ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കാനോ വിധി പ്രസ്താവിക്കാനോ കോടതിക്ക് അധികാരമില്ല. രാഷ്ട്രപതിയുടെ റഫറന്‍സിനുള്ള മറുപടിയും വിധിപറയല്‍ അല്ല.

ചോദ്യം 10: ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം ബദല്‍ മാര്‍ഗങ്ങളുണ്ടോ?

സുപ്രീംകോടതി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിക്കാനും അതനുസരിച്ചുള്ള ഉത്തരവുകള്‍ പുറപ്പെടുവിക്കാനും അവര്‍ക്ക് മാത്രമേ അധികാരമുള്ളു. അതിന് ബദല്‍ മാര്‍ഗങ്ങളില്ല. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കോടതികള്‍ക്ക് അധികാരമില്ല.

ചോദ്യം 11: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ അനുമതി നല്‍കി ഒപ്പിടാതെ നിയമമാകുമോ? 

സുപ്രീംകോടതി: നിയമസഭ പാസാക്കുന്ന ഒരു ബില്ലും ഗവര്‍ണര്‍ ഒപ്പിടാതെ നിയമമാകില്ല. അനുച്ഛേദം 200 പ്രകാരം ഗവര്‍ണര്‍ക്കുള്ള അധികാരം മറ്റൊരു ഭരണഘടനാസ്ഥാപനത്തിനും ഏറ്റെടുക്കാനാവില്ല. 

ചോദ്യം 12: സുപ്രീംകോടതിക്ക് മുന്നില്‍ വരുന്ന വിഷയം ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടതാണോ എന്ന് പരിശോധിച്ച ശേഷമേ അതത് ബെഞ്ചുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്ന് അനുച്ഛേദം 154 (3) വ്യവസ്ഥ ചെയ്യുന്നുണ്ടോ?

സുപ്രീംകോടതി: കോടതിയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഈ റഫറന്‍സിന്‍റെ സ്വഭാവവുമായി ബന്ധമില്ലാത്തതിനാല്‍ ഉത്തരം നല്‍കുന്നില്ല.

ചോദ്യം 13: സുപ്രീംകോടതിയുടെ അധികാരങ്ങള്‍ അനുച്ഛേദം 142 പ്രകാരം നിലവിലുള്ള നിയമങ്ങളിലും ഭരണഘടനാവ്യവസ്ഥകളിലും നടപടിക്രമങ്ങളിലും മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ അതോ അത്തരം വ്യവസ്ഥകള്‍ക്ക് അതീതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ പര്യാപ്തമായ അധികാരങ്ങളുണ്ടോ?

സുപ്രീംകോടതി: ചോദ്യം വളരെ വിശാലമായതിനാല്‍ ഖണ്ഡിതമായി ഉത്തരം നല്‍കാന്‍ കഴിയില്ല. അനുച്ഛേദം 142ന്‍റെ വ്യാപ്തി പത്താമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ചോദ്യം 14: അനുച്ഛേദം 131 പ്രകാരമുള്ള സ്യൂട്ട് മുഖാന്തിരമല്ലാതെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീംകോടതിയെ ഭരണഘടന വിലക്കുന്നുണ്ടോ? 

സുപ്രീംകോടതി: റഫറന്‍സിന്‍റെ വസ്തുതകളും സ്വഭാവവുമായി ബന്ധമില്ലാത്ത ചോദ്യമായതിനാല്‍ ഉത്തരം നല്‍കുന്നില്ല.

ENGLISH SUMMARY:

The Supreme Court has delivered a landmark clarification on the powers of Governors regarding bills passed by State Legislatures. The Constitution Bench ruled that Governors cannot indefinitely delay bills, although their decisions under Article 200 remain beyond judicial scrutiny. The Court emphasized that the real executive authority rests with the elected State government, resolving long-running disputes between Governors and non-BJP state administrations. The detailed answers were provided in response to a reference sent by the President after multiple states raised concerns. The judgment reinforces constitutional boundaries, explaining when courts may intervene and when they cannot. It also reaffirms that only the Governor or President can approve bills, with no alternative mechanisms available to courts.