കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹര്‍ജികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ്. എസ്.ഐ.ആര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യമടക്കം കേരളത്തിലെ ഹര്‍ജികള്‍ ബുധനാഴ്ച പ്രത്യേകം പരിഗണിക്കും. കേരളം പറഞ്ഞ കാര്യങ്ങള്‍ സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടെന്ന് നിയമ മന്ത്രി പി.രാജീവ് അവകാശപ്പെട്ടു.
കേരളത്തിലെ എസ്.ഐ.ആര്‍ നടപടിക്രമങ്ങള്‍ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് മറുപടി തേടിയത്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണെന്ന് സര്‍ക്കാരിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. തുടർന്ന് കേരളത്തില്‍നിന്നുള്ള ഹർജികൾ ബുധനാഴ്ച പ്രത്യേകം പരിഗണിക്കാൻ മാറ്റി. നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഇന്ന് ഹർജിക്കാർ ഉന്നയിച്ചില്ല.
എസ്.ഐ.ആർ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്‍റെ പ്രധാന വാദം. സര്‍ക്കാരിനൊപ്പം സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബിഹാര്‍, തമിഴ്നാട്, ബംഗാള്‍, യു.പി സംസ്ഥാനങ്ങളിലെ എസ്.ഐ.ആറിനെതിരായ ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.