ചെങ്കോട്ട സ്ഫോടനത്തില്‍ തുര്‍ക്കി കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സ്ഫോടനം നടത്തിയ ഉമര്‍ തുര്‍ക്കിയില്‍ 20 ദിവസം താമസിച്ചെന്ന് കണ്ടെത്തി. ഉകാസയെന്ന് വിളിപ്പേരുള്ള ഭീകരനാണ് നിര്‍ണായക നിര്‍ദേശങ്ങള്‍ നല്‍കിയതെന്നും എൻഐഎ ഉറപ്പിക്കുന്നു. അതിനിടെ, അല്‍ഫലാഹിലെ രണ്ട് ഡോക്ടര്‍മാരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്.
ചെങ്കോട്ടയില്‍ ചാവേറായ ഡോ. ഉമറും ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനിയായ ഡോ. മുസമ്മിലും മറ്റൊരു ഡോക്ടറായ മുസാഫിറും തുര്‍ക്കിയില്‍ താമസിച്ചത് ഇരുപത് ദിവസത്തോളം. പാക്– അഫ്ഗാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഉകാസയെന്ന പേരില്‍ അറിയപ്പെടുന്ന ഭീകരനെ കാണാനായിരുന്നു യാത്ര. എന്നാല്‍ കൂടിക്കാഴ്ച സാധ്യമായില്ല. പകരം ഉകാസ നിര്‍ദേശിച്ച സിറിയന്‍ പൗരനെ തുര്‍ക്കിയില്‍വച്ച് സംഘം കണ്ടു. ഡോ. മുസാഫിര്‍ പിന്നീട് ഇന്ത്യ വിട്ട് അല്‍ ഖായിദയില്‍ ചേര്‍ന്നു.
ചെങ്കോട്ട സ്ഫോടനം നടത്തിയ ഉമറിനും സമാന ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉകാസ നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് ഉമറും മുസമ്മിലും അല്‍ഫലാഹില്‍ കേന്ദ്രീകരിച്ചത്. ഉകാസയ്ക്ക് പുറമെ ടെലഗ്രാം ആപ്പ് വഴി പാക്കിസ്ഥാനിലുള്ള ഹന്‍സുള്ളയും നിസാറും ഇവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
അതിനിടെ, കേണല്‍, ലാപ്ടോപ്പ് ഭായ് എന്നൊക്കെ വിളിപ്പേരുള്ള മുഹമ്മദ് ഷാഹിദ് ഫൈസലെന്ന ബെംഗളൂരുവിലെ എന്‍ജിനീയറിങ് ബിരുദധാരിയുടെ പങ്കാളിത്തവും എൻഐഎ അന്വേഷിക്കുന്നുണ്ട്. ലഷ്കറെ തയിബ ബന്ധത്തില്‍ അന്വേഷണം തുടങ്ങിയതോടെ 2012ല്‍ ഇന്ത്യ വിട്ട മുഹമ്മദ് ഷാഹിദ് ഫൈസല്‍ ഇപ്പോള്‍ സിറിയ – തുര്‍ക്കി അതിര്‍ത്തി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെ സ്‌ഫോടനം, കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്ഫോടനം, മംഗളൂരുവിലെ ഓട്ടോറിക്ഷാ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തം സംശയിക്കുന്നുണ്ട്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഡല്‍ഹിയില്‍ സുരക്ഷയും മുന്‍കരുതലും കര്‍ശനമാക്കാന്‍ ലഫ്. ഗര്‍ണര്‍ വി.കെ.സക്സേന ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മിഷണര്‍ക്കും നിര്‍ദേശം നല്‍കി.