Image Credit: Reuters
ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയില്‍ നിന്ന് സ്വകാര്യ വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം തീഗോളമായി നിലംപതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Turkish security forces and search and rescue teams work around the crash site of a jet carrying Libya's army chief of staff Mohammed Ali Ahmed Al-Haddad near Kesikkavak village, Turkey, December 24, 2025. REUTERS/Cagla Gurdogan
തുര്‍ക്കിയുമായുള്ള ഉന്നതതല പ്രതിരോധ ചര്‍ച്ചകള്‍ക്കായി അങ്കാരയിലെത്തിയതായിരുന്നു ലിബിയയില്‍ നിന്നുള്ള സംഘം. ജനറല്‍ മുഹമ്മദ് അലിയുടെ മരണം ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദെബയ്യ സ്ഥിരീകരിച്ചു. രാജ്യത്തിന് തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമക്കുറിപ്പില്‍ വ്യക്തമാക്കി. ലിബിയയില്‍ സമാധാനം കൊണ്ടുവരുന്നതിന് യുഎന്‍ സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളാണ് ജനറല്‍ മുഹമ്മദ് അലി. ജനറല്‍ അല്‍ ഫിതൗറി ഘറെയ്ബില്‍, ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് അല്‍ ഖതാവി, മുഹമ്മദ് അല്‍ അസാവി ദെയ്ബ്, മുഹമ്മദ് ഉമര്‍ അഹമ്മദ് മഹ്ജൂബ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍. വിമാന ജീവനക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് അരമണിക്കൂറോളം കറങ്ങിയ ശേഷമാണ് വിമാനം അഗ്നിഗോളമായി നിലംപതിച്ചത്. ഫാല്‍ക്കണ്‍ 50 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വിമാനാപകടത്തെ തുടര്‍ന്ന് അങ്കാര വിമാനത്താവളം താല്‍കാലികമായി അടച്ചു. സംഭവത്തില്‍ തുര്‍ക്കി അന്വേഷണം പ്രഖ്യാപിച്ചു.