പാക്ക് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന അസിം മുനീര്‍
പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഖ്യത്തിലേക്ക് ചേരാന്‍ തുര്‍ക്കി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സഖ്യത്തിലേക്ക് തുര്‍ക്കി ചേരുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നാറ്റോയില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുള്ള താല്‍പര്യം ചോദ്യമാകുന്ന ഘട്ടത്തിലാണ് തുര്‍ക്കിയുടെ ഇടപെടല്‍.
സഖ്യത്തിന്‍റെ സാമ്പത്തിക സഹായം സൗദി അറേബ്യ നിര്‍വഹിക്കും. പാക്കിസ്ഥാന്‍ ആണവ ശേഷിയും ബാലിസ്റ്റിക് മിസൈലും സൈനിക ശേഷിയും ഉപയോഗിക്കും. തുര്‍ക്കി കൂടി എത്തുന്നതോടെ അവരുടെ സൈനിക പരിചയം ഇസ്‍ലാമിക നാറ്റോയ്ക്ക് മുതല്‍കൂട്ടാകും. ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിഷയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
യു.എസ് സ്വന്തം താല്‍പര്യം പരിഗണിച്ച് ഇസ്രയേലിനോട് കൂടുതല്‍ അടുക്കുന്നതും പ്രാദേശിക സംഘര്‍ഷങ്ങളുമാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് കാരണം. സുരക്ഷയും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായും തുർക്കി സഖ്യത്തെ കാണുന്നു. മൂന്നു രാജ്യങ്ങളുമായും യു.എസിന് സൈനിക ബന്ധമുണ്ട്.
സെപ്റ്റംബറില്‍ പാക്കിസ്ഥാനും സൗദി അറേബ്യയും ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരം സഖ്യരാജ്യങ്ങള്‍ക്ക് എതിരായ ഏതൊരു ആക്രമണവും എല്ലാവര്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും. നാറ്റോയുടെ ആര്‍ട്ടിക്കില്‍ അഞ്ചിന് തുല്യമാണിത്. യു.എസ് കഴിഞ്ഞാല്‍ നാറ്റോയിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് തുര്‍ക്കി. മധ്യേഷ്യയിലെയും അതിനപ്പുറത്തും സുരക്ഷാ വിന്യാസങ്ങൾ മാറ്റുന്ന ശ്രമമായി ഇതിനെ കാണാൻ കഴിയും.
എന്തിന് ഇസ്‍ലാമിക് നാറ്റോ?
കഴിഞ്ഞ വര്‍ഷം നടന്ന അറബ്- ഇസ്‍ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് അറബ് നാറ്റോ എന്ന ആശയം വീണ്ടും ജനിച്ചത്. പാകിസ്ഥാൻ, തുർക്കി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത്, ജോർദാൻ, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ലോകനേതാക്കളാണ് ഖത്തറില്‍ അറബ്, ഇസ്‍ലാമിക ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇസ്രയേലിനെ സാമ്പത്തികമായി ഞെരുക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ ആവശ്യപ്പെട്ടത്.
നാറ്റോ സഖ്യ മാതൃകയിൽ ഇസ്രായേൽ ഉൾപ്പെടെയുള്ള ശത്രുക്കളെ നേരിടാൻ കഴിയുന്ന ഏകീകൃത സൈനിക സഖ്യം രൂപീകരിക്കണമെന്നാണ് ഈജിപ്ത്, ഇറാൻ, ഇറാഖ് എന്നിവരുടെ ആവശ്യം. 'നാളെ ഏത് അറബ്, ഇസ്‍ലാമിക രാജ്യത്തിനെതിരെയും തിരിയാം, തീരുമാനം വ്യക്തമാണ്, നമ്മള്‍ ഒന്നിക്കണം' എന്നാണ് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷെസ്കിയന്‍ പറഞ്ഞത്.